അവാര്‍ഡ് ചടങ്ങുകളില്‍ ട്രോഫികളും പണവും മോഷ്ടിക്കുന്നയാള്‍ പിടിയില്‍
Posted on: 01 Feb 2015
മൈസൂരു: അവാര്‍ഡ്ദാന ച്ചടങ്ങുകള്‍ക്കിടയില്‍ നുഴഞ്ഞുകയറി ട്രോഫിയും പ്രൈസ് നല്‍കാന്‍ വെച്ചിരിക്കുന്ന പണവും മോഷ്ടിക്കുന്നത് ഹോബിയാക്കിയ ആള്‍ പിടിയില്‍. മൈസൂരു ആലനഹള്ളി സ്വദേശി ഗോവിന്ദയാണ് നഗരത്തിലെ ഒരു ചടങ്ങില്‍ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തില്‍ ഇത്തരത്തില്‍ നടന്ന അന്‍പതോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കുതിരപ്പന്തയത്തില്‍ പന്തയം വെക്കുന്നതിനാണ് പണം ഇയാള്‍ ഉപയോഗിച്ചതെന്നും ട്രോഫികളും ഷീല്‍ഡുകളും ഇയാള്‍ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസേന എല്ലാ പത്രങ്ങളും വായിച്ച് നഗരത്തില്‍ നടക്കുന്ന പ്രമുഖപരിപാടികള്‍ എഴുതിവെച്ച് അവിടെ എത്തിച്ചേരുകയാണ് ഇയാളുടെ പതിവ്. സ്വകാര്യചടങ്ങുകളില്‍ പ്പോലും ആരും സംശയിക്കാത്തവിധം മാന്യമായി വേഷം ധരിച്ചാണ് ഇയാള്‍ എത്തുന്നത്. ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടുവെച്ച ശേഷം സംഘാടകരില്‍ ചിലരുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്റ്റേജില്‍ കയറിപ്പറ്റിയാണ് ഇയാള്‍ മോഷണം നടത്തുന്നത്. പിന്നീട് സംശയിക്കാതിരിക്കാനായി പരിപാടി അവസാനിക്കുന്നതുവരെ സജീവമായി പങ്കെടുക്കുകയും ചെയ്യും.
കഴിഞ്ഞദിവസം സംഗീതജ്ഞന്‍ രവി മിശ്ര പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തിന് നല്‍കാനായി കവറിലിട്ട് സൂക്ഷിച്ചിരുന്ന പണം കാണാതെപോയിരുന്നു. രണ്ടാഴ്ച മുന്‍പ് നടന്ന ജാതിസംഘടനയുടെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന കവറുകള്‍ ഒന്നടങ്കം കാണാതായിരുന്നു. കുറച്ചുനാളുകളായി നഗരത്തില്‍ നടക്കുന്ന പല ചടങ്ങുകളിലും ഇത്തരത്തില്‍ കവറുകളും പ്രശംസാപത്രങ്ങളുമൊക്കെ കാണാതാവുന്നത് പതിവായിരുന്നെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഗോവിന്ദനഗറില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ മോഷണം നടത്താനെത്തിയ ഗോവിന്ദയെ പരിചയക്കുറവ് തോന്നിയ സംഘാടകര്‍ നിരീക്ഷിച്ചു. ഇതിനിടെ കവര്‍ മോഷ്ടിക്കാന്‍ സ്റ്റേജില്‍ കയറിപ്പറ്റിയ ഇയാളെ സംഘാടകര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
from kerala news edited
via IFTTT