ജനക്‌പുരിയില്‍ കുടുംബപ്പോര്
Posted on: 01 Feb 2015
ജനക്പുരിയില്‍നിന്ന് അഞ്ചുതവണ ജയിച്ച ജഗദീഷ് മുഖി 1979 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍, അതൊന്നും ഇത്തവണ മുഖിയുടെ സീറ്റ് ഉറപ്പിക്കുന്നില്ല. ജഗദീഷ് മുഖിക്കെതിരെ അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് സുരേഷ്‌കുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതോടെ പോരാട്ടത്തിന്റെ ചിത്രം മാറി.
സുരേഷ്‌കുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ്സിലും പൊട്ടിത്തെറിയുണ്ടാക്കി. അങ്ങനെ ആകെക്കൂടി തിളച്ചുമറിയുന്ന മണ്ഡലമായി ജനക്പുരി.
ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാവുമെന്നുവരെ പ്രതീക്ഷിച്ചിരുന്നയാളാണ് പ്രൊഫ. ജഗദീഷ് മുഖി. ആം ആദ്മി പാര്‍ട്ടി ഓട്ടോറിക്ഷകളില്‍ നല്‍കിയ പരസ്യങ്ങളില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി മുഖിയെ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവസാനനിമഷം കിരണ്‍ബേദിക്കാണ് അതിന് നറുക്കുവീണത്. ഒപ്പംതന്നെ സ്വന്തം മകളുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയും മങ്ങി. മാത്രവുമല്ല സുരേഷ് കുമാറിന്റെ ആദ്യ പോരാട്ടവുമാണിത്.
കഴിഞ്ഞതവണ എ.എ.പി.യുടെ രാജേഷ് റിഷിയെ രണ്ടായിരത്തിലേറെ മാത്രം വോട്ടുകള്‍ക്കാണ് മുഖി പരാജയപ്പെടുത്തിയത്. എ.എ.പി.ക്കും ഇവിടെ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതിന് വേറെ തെളിവുകള്‍ വേണ്ട. ഇത്തവണയും രാജേഷ് റിഷി കൊണ്ടുപിടിച്ച പ്രചാരണവുമായി രംഗത്തുണ്ട്. വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് എ.എ.പി. നടത്തുന്നത്. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനും രാജേഷ് ശ്രമിക്കുന്നു.
ജഗദീഷ് മുഖിയുടെ ഏറ്റവും വലിയ നേട്ടം, മണ്ഡലത്തില്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലെന്നതാണ്. മൂന്നര പതിറ്റാണ്ടായി മണ്ഡലത്തിന്റെ സ്വന്തം നേതാവാണ് അദ്ദേഹം. പ്രധാനമായും എ.എ.പി.ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് മുഖിയുടെ പ്രചാരണം. എന്നാല്‍, മുഖിയുടെ സ്വന്തം മരുമകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ്സാവട്ടെ സുരേഷ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുക വഴി ബി.ജെ.പി.യെ ഞെട്ടിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പടലപ്പിണക്കങ്ങള്‍ക്ക് കാരണമായി. മുപ്പത് വര്‍ഷമായി ഈ മണ്ഡലത്തിലുള്ള കോണ്‍ഗ്രസ് നേതാവ് സഞ്ജയ് പുരി ഈ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് അദ്ദേഹത്തിന് സീറ്റ് നല്‍കാമെന്ന് പറയുകയുമുണ്ടായത്രെ. എന്നാല്‍, സുരേഷ് കുമാറിനെ സ്ഥാനാര്‍ഥിയാക്കിയതോടെ പുരി ഇടഞ്ഞു. ഡി.പി.സി.സിയുടെ വെബ്‌സൈറ്റിന്റെ ചുമതലകൂടിയുള്ള സഞ്ജയ് പുരി പണിമുടക്കിയതോടെ വെബ്‌സൈറ്റും നിന്നുപോയിരുന്നു. ജനക്പുരിയിലെ കൗണ്‍സിലര്‍ കൂടിയായ സഞ്ജയ് പുരി കോണ്‍ഗ്രസ് വിട്ട് എ.എ.പി.യില്‍ ചേരുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ കുറച്ചെങ്കിലും ഭിന്നിക്കുമെന്നും ഉറപ്പായി.
എന്നാല്‍, ഉന്നതങ്ങളിലെ ഈ കളികളൊന്നും ജനക്പുരിയിലെ സാധാരണ വോട്ടര്‍മാരുടെ വിഷയമല്ല. സുരേഷ് കുമാര്‍ മുഖിയുടെ മരുമകനാണെന്ന കാര്യംപോലും ജനക്പുരിയില്‍ റോഡരികില്‍ ചായവില്‍ക്കുന്ന റാമിന് അറിയില്ല. ജഗദീഷ് മുഖിയെ അറിയാം. ആം ആദ്മിയുടെ സ്ഥാനാര്‍ഥിയുടെ പേര് അറിയില്ലെങ്കിലും കെജ്‌രിവാളിനെക്കുറിച്ച് റാമിന് നല്ല അഭിപ്രായം. ജനക്പുരി മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാര്‍ക്കാവട്ടെ വ്യത്യസ്തമായ നിലപാടാണുള്ളത്. എ.എ.പി. വൈദ്യുതിച്ചാര്‍ജ് കുറച്ചുവെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍, മോദി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയാണ് പലര്‍ക്കും. കേന്ദ്രത്തിലും ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി. ഭരിക്കവെ സംസ്ഥാന ഭരണവും ബി.ജെ.പി.ക്ക് തന്നെ ലഭിച്ചാലേ മികച്ച ഭരണമുണ്ടാകൂവെന്ന് ജനക്പുരിവാസിയായ രമേഷ് സിങ് പറയുന്നു.
ഡല്‍ഹിയിലെ പല മണ്ഡലങ്ങളിലും ശക്തമായ എ.എ.പി.ബി.ജെ.പി. പോരാട്ടമാണെങ്കില്‍ ജനക്പുരിയെ അങ്ങനെ കണ്ടുകൂടാ. കോണ്‍ഗ്രസ്സും കൊണ്ടുപിടിച്ചുതന്നെയാണ് ഇവിടെ പോരാടുന്നത്.
from kerala news edited
via IFTTT