Story Dated: Sunday, February 1, 2015 03:00
മാനന്തവാടി: വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും പോരാട്ടം പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ് റെയ്‌ഡ് നടത്തി. സര്‍ച്ച് വാറണ്ടോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് അഞ്ച് വീടുകളില്‍ വെള്ളിയാഴ്‌ച്ച അര്‍ദ്ധരാത്രിയിലും, ശനിയാഴ്‌ച്ച പുലര്‍ച്ചെയുമായി വിവിധ സംഘങ്ങളായെത്തിയ പോലീസ് അരിച്ചുപെറുക്കി റെയ്‌ഡ് നടത്തിയത്. കമ്പളക്കാട് താമസിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകനായ ഡോ. പി.ജി ഹരിയുടെ വീട്ടില്‍ വെള്ളിയാഴ്‌ച്ച രാത്രി 10 മണിയോടെ കല്‍പ്പറ്റ സി.ഐയുടെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
കിടപ്പുമുറിയിലും അടുക്കളയിലും കുളിമുറിയിലുമുള്‍പ്പടെ പരിശോധന നടത്തുകയും കേരളീയ പ്രസിദ്ധീകരണമുള്‍പ്പടെ ചില ലഘുലേഖകള്‍ പോലീസ് കൊണ്ടുപോകാനൊരുങ്ങുകയും ചെയ്‌തു. എന്നാല്‍ കൊണ്ടുപോകുന്ന പുസ്‌തകങ്ങളുടെ ലിസ്‌റ്റ് ഡോ. ഹരി ആവശ്യപ്പെട്ടതോടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് 12.30 ഓടെ സംഘം മടങ്ങിപോവുകയായിരുന്നു. ഈ സമയത്ത് തന്നെ പനമരം കരിമ്പുമ്മലില്‍ താമസിക്കുന്ന റിട്ട. അധ്യാപകനും, മനുഷ്യാവകാശ സംരക്ഷണ വേദി മുന്‍ പ്രസിഡന്റുമായിരുന്ന കെ.ആര്‍. സദാശിവന്റെ വീട്ടിലും പോലീസ് റെയ്‌ഡ് നടത്തി.
ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് പോരാട്ടം പ്രവര്‍ത്തകരായ മാനന്തവാടിയിലെ ഷാന്റോ ലാല്‍, കര്‍ഷകനായ ചാത്തു, കേണിച്ചിറയിലെ പൊതുപ്രവര്‍ത്തകനായ സജി ജനാര്‍ദനന്‍ എന്നിവരുടെ വീടുകളില്‍ ഒരേസമയം റെയ്‌ഡ് നടത്തിയത്. ഇവിടങ്ങളിലെല്ലാം മുറികളും വീട്ടുപകരണങ്ങളും വരെ പരിശോധിച്ചെങ്കിലും മാവോബന്ധം സൂച്ചിപ്പിക്കുന്ന യാതൊരുരേഖകളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്തെ കാക്കനാടുണ്ടായ മാവോയിസ്‌റ്റ് ആക്രമത്തെ തുടര്‍ന്ന് പോലീസ് പിടികൂടിയ ജൈസണ്‍, തുഷാര്‍ നിര്‍മ്മല്‍ സാഗര്‍ എന്നിവരുമായി ബന്ധമുള്ളവരെന്ന് കരുതുന്നവരുടെ വീടുകളിലാണ് പോലീസ് റെയ്‌ഡ് നടത്തിയത്.
കഴിഞ്ഞമാസം മാനന്തവാടിയില്‍ ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനം കേരളത്തില്‍ അടിയന്തിരാവസ്‌ഥ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഒന്നിക്കുക എന്ന ആവശ്യവുമായി നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തുവരും സോഷ്യല്‍ മീഡിയകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പോസ്‌റ്ററുകള്‍ അപ്‌ലോഡ് ചെയ്യുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തിയാണ് പോലീസ് വീടുകള്‍ കയറി റെയ്‌ഡ് നടത്തുന്നത്.
from kerala news edited
via IFTTT