Story Dated: Sunday, February 1, 2015 02:55
ആലപ്പുഴ: കയറിന്റെ ഈറ്റില്ലമായ ആലപ്പുഴയില്‍ ഞായറാഴ്‌ച തിരിതെളിയുന്ന അഞ്ചു ദിവസത്തെ കയര്‍ കേരളയുടെ സായംസന്ധ്യകള്‍ക്ക് ചാരുത പകരാന്‍ ഹരിശ്രീ അശോകനും റിമി ടോമിയും രമ്യാ നമ്പീശനും ഉള്‍പ്പെടെ ചലച്ചിത്ര കലാരംഗങ്ങളിലെ പ്രമുഖര്‍ അണിനിരക്കുന്നു.
കയര്‍ കേരളയ്‌ക്കെത്തുന്ന വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരേയും പൊതുജനങ്ങളേയും വരവേല്‍ക്കുന്നതിനായി ഇ.എം.എസ് സ്‌റ്റേഡിയത്തിലെ പവലിയനില്‍ ദിവസവും വൈകുന്നേരം ഏഴു മുതല്‍ പത്തു വരെയാണ് സംഗീത, നൃത്ത പരിപാടികള്‍ അരങ്ങേറുക.
ആദ്യദിനമായ ഞായറാഴ്‌ച ഉദ്‌ഘാടനത്തെ തുടര്‍ന്ന് ഹരിശ്രീ അശോകനും സംഘവുമാണ് മെഗോഷോ അവതരിപ്പിക്കുന്നത്.
കയര്‍മേഖലയിലെ തൊഴിലാളികളുടെ ഒപ്പനയും തിരുവാതിരകളി, നാടന്‍പാട്ട്, നാടോടി നൃത്തം എന്നിവയുമാണ് തിങ്കളാഴ്‌ച ദൃശ്യ വിരുന്നൊരുക്കുന്നത്. ഗാനങ്ങളാലും അഭിനയത്താലും പ്രേക്ഷക പ്രശംസ നേടിയ രമ്യാനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തത്തിന് ചൊവ്വാഴ്‌ച വേദിയൊരുങ്ങും. തുടര്‍ന്ന് രാത്രി 8.30 മുതല്‍ നടക്കുന്ന വാദ്യോപകരണ സംഗീതത്തിനു രോഹിത് വാസുദേവനും സംഘവും നേതൃത്വം നല്‍കും.
ഇപ്‌റ്റ നാട്ടരങ്ങിന്റെ നാടന്‍ പാട്ട് മെഗാഷോയും കാഞ്ഞങ്ങാട് കലാസാഗറിന്റെ അറബിക് ഡാന്‍സുമാണ് ബുധനാഴ്‌ച വേദിയിലെത്തുക. വ്യാഴാഴ്‌ച സമാപന സമ്മേളനത്തെ തുടര്‍ന്ന് പ്രശസ്‌ത സിനിമാ പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. കയര്‍പാട്ടുകളുടെ സി.ഡി പ്രകാശനവും സാംസ്‌ക്കാരിക സമ്മേളനവുമാണ് ഇത്തവണ മേളയിലെ മറ്റൊരു സവിശേഷത.
from kerala news edited
via IFTTT