Story Dated: Wednesday, January 7, 2015 03:20
അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന ദേശീയ കാര്‍ഷികമേളയുടേയും (അഗ്രി ഫിയസ്‌റ്റ 2015) പുഷ്‌പഫല പ്രദര്‍ശനത്തിന്റേയും (പൂപ്പൊലി 2015) ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന മേളയില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍, ഗവേഷണ സ്‌ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ ഇരുന്നൂറിലധികം സ്‌റ്റാളുകള്‍ ഉണ്ടാകും.
കൂടാതെ രണ്ടേക്കറിലധികംവരുന്ന ഗ്ലാഡിയോലസ് ഉദ്യാനം, മൂന്നേക്കറിലധികംവ്യാപിച്ചു കിടക്കുന്ന അഞ്ഞൂറിലധികം ഡാലിയാ ഇനങ്ങളുടെതോട്ടം, നൂറിലധികംവര്‍ണ വൈവിധ്യമുള്ള ജെര്‍ബേറ ഉദ്യാനം, സണ്‍ ഗാര്‍ഡന്‍, മൂണ്‍ ഗാര്‍ഡന്‍ തുടങ്ങിയ ആകര്‍ഷണങ്ങളോടെ പത്തേക്കറിലധികം വലുപ്പമുള്ള പുഷ്‌പോദ്യാനവും തയ്യാറായിക്കഴിഞ്ഞു. അമ്പലവയല്‍ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത അലങ്കാര മത്തന്‍, ഓര്‍ക്കിഡുകള്‍, റോസുകള്‍ എന്നിവയ്‌ക്കു പുറമെ കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിത്തു നടീല്‍വസ്‌തുക്കളും ജൈവ, ജീവാണുവളം, ജൈവകീട നാശിനികള്‍ തുടങ്ങിയവയും വിവിധ കാര്‍ഷിക സാങ്കേതിക വിദ്യകളും പ്രദര്‍ശനത്തിനെത്തും.
സംസ്‌ഥാന കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍, കോഫി ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, വി.എഫ്.പി.സി.കെ തുടങ്ങിയവയുടെ സ്‌റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ടാവും. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മേളയാണ് അമ്പലവയലില്‍ നടക്കുകയെന്ന് മേളയുടെ ജനറല്‍ കണ്‍വീനറും ഗവേഷണകേന്ദ്രം മേധാവിയുമായ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര, സംസ്‌ഥാന മന്ത്രിമാര്‍, ഐ.സി.എ.ആര്‍ പ്രതിനിധികള്‍, ജന പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്‌ഥര്‍ മേളയില്‍ പങ്കെടുക്കും. കലാസന്ധ്യകളും ഭക്ഷ്യ മേളയുംവിനോധോപാധികളും സമന്വയിക്കുന്ന പ്രദര്‍ശനത്തിനൊപ്പം കാലിക പ്രാധാന്യമുള്ള കാര്‍ഷിക വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014 ലെ പൂപ്പൊലി രണ്ടര ലക്ഷം പേരാണ് സന്ദര്‍ശിച്ചതെങ്കില്‍ 2015 ലെ മേളയില്‍ ആറുലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ.രാജേന്ദ്രന്‍ പറഞ്ഞു.
from kerala news edited
via IFTTT