121

Powered By Blogger

Tuesday, 6 January 2015

ആനന്ദഭവനില്‍ പുതുവത്സരാഘോഷം











Story Dated: Wednesday, January 7, 2015 03:19


പാലക്കാട്‌: ആനന്ദഭവനിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്‌ഞാനം പകര്‍ന്ന്‌ ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ പി.ബി. നൂഹ്‌. ജേസിറെറ്റിന്റെ പുതുവത്സരാഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്‌ത് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധവും വിജയിക്കാനുള്ള സ്‌ഥിരോത്സാഹവും ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുകയുള്ളു എന്ന്‌ അദ്ദേഹം പറഞ്ഞു. സാധാരണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആനന്ദഭവനിലെ നിങ്ങള്‍ക്കും അത്യുത്സാഹത്തോടെ പരിശ്രമിക്കുകയാണെങ്കില്‍ സിവില്‍ സര്‍വീസിന്റെ കടമ്പകള്‍ കടക്കാനാവുമെന്ന്‌ പറഞ്ഞ്‌ പ്രചോദനം നല്‍കിയപ്പോള്‍ ഓര്‍ഫനേജിലെ പെണ്‍കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്‌.


ആനന്ദഭവനിലേക്ക്‌ ജേസിറെറ്റ്‌ നല്‍കിയ ഗ്രോസറി കിറ്റും, അരി ബാഗും, പഠന സാമഗ്രികളും മദര്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ സ്‌മിതയ്‌ക്ക് സബ്‌ കലക്‌ടര്‍ കൈമാറി. ജേസിറെറ്റ്‌ ചെയര്‍പേഴ്‌സണ്‍ എം. രമ്യ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജെ.സി.ഐ ഇന്ത്യ മുന്‍ ദേശീയ അധ്യക്ഷന്‍ പി. സന്തോഷ്‌ കുമാര്‍, സോണ്‍ ഡയറക്‌ടര്‍ അബ്‌ദുള്‍ സലാം, ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വിപിന്‍ ചന്ദ്ര, മുന്‍ ചെയര്‍പേഴ്‌സണ്‍ അനില നിഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ സെക്രട്ടറി ജെ. ശ്രീജിത്ത്‌, ബീമാര്‍ട്ട്‌ ഷെമീര്‍ എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. പുതുവത്സരാഘോഷം കേക്ക്‌ മുറിച്ച്‌ സബ്‌ കലക്‌ടര്‍ നിര്‍വഹിച്ചു.










from kerala news edited

via IFTTT