ലേബര്‍ കാര്‍ഡ് പിഴയിളവ്: ആദ്യദിനങ്ങളില്‍ പ്രയോജനപ്പെടുത്തിയത് ആയിരം കമ്പനികള്‍
Posted on: 07 Jan 2015
ദുബായ്: ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പിഴകള്‍ക്ക് അനുവദിച്ച ഇളവ് ആയിരം കമ്പനികള്‍ ഉപയോഗപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആദ്യ രണ്ട് ദിനങ്ങളിലാണ് ഇത്രയും കമ്പനികള്‍ പദ്ധതി പ്രയോജനപ്പെടുത്തിയത്.
തൊഴില്‍കാര്‍ഡിന്മേലുള്ള പിഴ കുടിശ്ശികകള്‍ ആയിരം ദിര്‍ഹം നല്‍കി അടച്ചുതീര്‍ക്കുന്ന പദ്ധതി ഞായറാഴ്ചയാണ് നിലവില്‍ വന്നത്. 1,500 നിയമലംഘനങ്ങള്‍ക്കായി ചുമത്തപ്പെട്ടിരുന്ന 1.85 കോടി ദിര്‍ഹമിന് പകരമായി 15 ലക്ഷം ദിര്‍ഹമാണ് പിഴയിനത്തില്‍ സ്വീകരിച്ചതെന്ന് അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് വ്യക്തമാക്കി. പദ്ധതിയിലൂടെ സ്ഥാപനങ്ങള്‍ക്ക് 1.7 കോടിയോളം ദിര്‍ഹം രണ്ട് ദിവസത്തിനകം ഇളവ് ചെയ്ത് നല്‍കാനായി.
മാര്‍ച്ച് അഞ്ച് വരെയാണ് ഇത്തരത്തില്‍ ആയിരം ദിര്‍ഹം നല്‍കി കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള അവസരമുള്ളത്. തുടര്‍ന്നും അവശേഷിക്കുന്ന പിഴകുടിശ്ശികകള്‍ക്ക് പ്രതിമാസം 500 ദിര്‍ഹം വീതം ഈടാക്കും. കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിനുള്ള അവസരം കമ്പനികള്‍ ഉപയോഗപ്പെടുത്തണമെന്ന് ബിന്‍ ദീമാസ് പറഞ്ഞു. തൊഴില്‍കാര്‍ഡുമായി ബന്ധപ്പെട്ട നിബന്ധനകള്‍ മനസ്സിലാക്കുന്നതിന് സ്ഥാപനയുടമകള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. www.mol.gov.ae എന്ന വെബ്‌സൈറ്റില്‍ നിന്ന് ഇ-നെറ്റ്വാസല്‍ സര്‍വ്വീസ് വഴി വിവരങ്ങള്‍ അറിയാന്‍ സാധിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ തസ്ഹീല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചോ കാര്യങ്ങള്‍ മനസ്സിലാക്കുകയും പിഴ ഒടുക്കുകയും കാണാതായ തൊഴിലാളികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കുകയോ ഒക്കെ ചെയ്യാം.
from kerala news edited
via IFTTT