121

Powered By Blogger

Tuesday, 6 January 2015

എണ്ണവില 50 ഡോളറില്‍, ഗള്‍ഫ് ഓഹരിവിപണിയും താഴ്ചയില്‍








ഗള്‍ഫ് ഓഹരിവിപണി താഴ്ചയില്‍


പി.പി. ശശീന്ദ്രന്‍


Posted on: 07 Jan 2015


ദുബായ്: എണ്ണവില താഴുമ്പോള്‍ അമ്പരപ്പും ആശങ്കയുമാണ് ഗള്‍ഫ് നാടുകളില്‍. ചൊവ്വാഴ്ച കാലത്ത് ക്രൂഡ് ഓയിലിന്റെ വില വീപ്പയ്ക്ക് 50 ഡോളറിലും താണതോടെ മിക്ക ഗള്‍ഫ് നാടുകളിലെയും ഓഹരി വിപണികള്‍ തകര്‍ച്ച നേരിട്ടു. വില ഒറ്റദിവസം കൊണ്ട് അഞ്ച് ശതമാനമാണ് താഴ്ന്നത്.

പിന്നീട് വില വീണ്ടും 54 ഡോളറില്‍ എത്തിയെങ്കിലും ആറ്് മാസത്തിലേറെയായി തുടരുന്ന വിലയിടിവ് ഗള്‍ഫ് നാടുകളുടെ സാമ്പത്തികരംഗത്ത് കാര്യമായ ആശങ്ക സൃഷ്ടിക്കുന്നു എന്നാണ് എല്ലാ ഭാഗത്തുനിന്നുമുള്ള സൂചനകള്‍. വില 50 ഡോളറിനും താഴെയെത്തിയ ഉടന്‍ അബുദാബിയിലെ സൂചിക 2.8 ശതമാനം ഇടിഞ്ഞു. കുവൈത്തില്‍ ഇത് 1.4 ശതമാനമായിരുന്നു. ഒമാനില്‍ ഇത് ദശാംശം ആറ്് ശതമാനവും. ദുബായിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബുര്‍ജ് ഖലീഫയുടെ ഉടമകളായ ഇമ്മാറിന്റെ ഓഹരിവില എട്ട് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.


2014 ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് പകുതിയായാണ് വില എത്തിനില്‍ക്കുന്നത്. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 52.6 ഡോളറായിരുന്നതാണ് ചൊവ്വാഴ്ച അമ്പതിന് താഴേക്ക് വീണത്.


ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക പുറത്ത് കാണിക്കുന്നില്ലെങ്കിലും എല്ലായിടത്തും സാമ്പത്തികരംഗത്ത് ചില പൊളിച്ചെഴുത്തുകള്‍ ഉണ്ടാവുമെന്നുതന്നെയാണ് സൂചനകള്‍.

മിക്ക രാജ്യങ്ങളും വീപ്പയ്ക്ക് 75 മുതല്‍ 80 ഡോളര്‍ വരെ വില അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ വാര്‍ഷിക ബജറ്റുകള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അമ്പതുകളില്‍ എത്തുമ്പോള്‍ കരുതല്‍ ധനത്തിന്റെ തോത് കുറയുമെന്നതാണ് യാഥാര്‍ഥ്യം. മിക്ക രാജ്യങ്ങളിലും നാട്ടുകാര്‍ക്കുള്ള സബ്‌സിഡിയില്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുന്നതും നിലവിലുള്ള തൊഴിലുകള്‍ നഷ്ടപ്പെടുന്നതും ഇതിന്റെ മറ്റൊരു പ്രത്യാഘാതമാവുമെന്ന് യു.എ.ഇ.യിലെ പ്രമുഖ സാമ്പത്തികകാര്യ ലേഖകനായ ഭാസ്‌കര്‍ രാജ് പറയുന്നു. യു.എ.ഇ.യില്‍ പ്രവാസികള്‍ ഏറെയുള്ള ദുബായ്, ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകളിലെല്ലാം ഇതിനകം വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാര്‍ജ് കൂട്ടിക്കഴിഞ്ഞു. അബുദാബിയില്‍ വെള്ളത്തിന് 270 ശതമാനമാണ് വില കൂട്ടിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തത്തിനുശേഷം ഇതാദ്യമായി സൗദി അറേബ്യ ഇത്തവണ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. എന്നാല്‍ ഏറ്റവുമധികം കരുതല്‍ ധനമുള്ള സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളെയൊന്നും നിലവിലെ എണ്ണ വിലയിടിവ് അടുത്തൊന്നും ബാധിക്കില്ല എന്നുതന്നെയാണ് അനുമാനം. അതേസമയം ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അത്രമാത്രം കരുതല്‍ധനമില്ലെന്നത് ശ്രദ്ധേയമാണ്.












from kerala news edited

via IFTTT