Story Dated: Wednesday, January 7, 2015 03:19
പാലക്കാട്: പിരായിരിയിലെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും ലഭിച്ചത് കള്ളനോട്ടല്ലെന്ന് പ്രാഥമിക നിഗമനം. നോട്ടുകള്‍ എസ്.ബി.ഐ പാലക്കാട് മെയിന്‍ ബ്രാഞ്ചില്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളല്ലെന്ന് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം റിസര്‍വ് ബാങ്ക് പിന്‍വലിച്ച നോട്ടുകളാണ് ഇവയെന്നാണ് വിവരം. തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച 15,500 രൂപയ്‌ക്ക് 500 ന്റെ കള്ളനോട്ടുകളാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി പിരായിരി രണ്ടാംമൈല്‍ കാവുപുറത്ത് സുഹൈര്‍(24) ടൗണ്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു.
എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച നോട്ടുകള്‍ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ പോയപ്പോഴാണ് കള്ളനോട്ടുകളാണെന്ന് തെളിഞ്ഞതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം കേസെടുത്ത പോലീസ് ഇന്നലെ രാവിലെ എസ്.ബി.ഐയില്‍ നോട്ടുകള്‍ പരിശോധിച്ചു. ആദ്യ പരിശോധനയില്‍ വ്യാജനോട്ടാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞെങ്കിലും തുടര്‍ന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് ആര്‍.ബി.ഐ പിന്‍വലിച്ച നോട്ടുകളാണെന്ന വിവരം ലഭിച്ചത്.
2005-08 കാലത്ത് പുറത്തിറക്കിയ നോട്ടില്‍ സില്‍വര്‍ ത്രെഡ് ആണ് ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൂടുതല്‍ സുരക്ഷയ്‌ക്കായി ഗ്രീന്‍ ത്രെഡായി. പുതിയ നോട്ടുകളുടെ പുറകില്‍ വര്‍ഷം രേഖപ്പെടുത്തിയപ്പോള്‍ പഴയ നോട്ടില്‍ അതും ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങള്‍ പരിഗണിച്ചാണ് ഇവ പിന്‍വലിച്ചിരുന്നത്. എന്നാല്‍ പഴയ നോട്ടുകള്‍ കൊടുത്തുമാറ്റാനുള്ള സമയ പരിധി സംബന്ധിച്ച് അവ്യക്‌തതയുണ്ട്.
അതിനിടെ തിങ്കളാഴ്‌ച പോലീസ് ഇടപെട്ട് സീല്‍ ചെയ്‌ത എ.ടി.എം കൗണ്ടര്‍ ഇന്നലെ ബാങ്ക് അധികൃതരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചു. അതില്‍ നിന്നും സമാനമായ ഒരു 500 ന്റെ നോട്ടുകൂടി കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കള്ളനോട്ടുകളല്ലെന്ന് എസ്.ബി.ഐ അധികൃതര്‍ പോലീസിനെ വാക്കാന്‍ അറിയിച്ചെങ്കിലും അത് രേഖാമൂലം നല്‍കാന്‍ തയ്യാറായിട്ടില്ല. ആര്‍.ബി.ഐ പിന്‍വലിച്ച നോട്ടുകള്‍ എ.ടി.എമ്മില്‍ വന്നതിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് നോര്‍ത്ത് എസ്.ഐ എം. സുജിത്ത് പറഞ്ഞു.
from kerala news edited
via IFTTT