നര്‍മ്മത്തിലൂടെ വലിയ കാര്യം സമൂഹത്തിലെത്തിക്കുകയാണ് പ്രിയനന്ദനന്റെ ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന പുതിയ ചിത്രം. രണ്ടു ചെറുപ്പക്കാരുടെ (കള്ളന്മാരുടെ?) ജീവിതത്തിലൂടെ കേരളീയ ജീവിതത്തിന്റെ വര്‍ത്തമാന അവസ്ഥയിലേക്കുള്ള രുക്ഷമായ വിമര്‍ശനമാണ് പുതിയ ചിത്രം മുന്നോട്ടു വെയ്ക്കുന്നത്.
വലിയ കളവിനെ മാന്യമാക്കുകയും എന്നാല്‍ ചെറിയ കുറ്റങ്ങളെ പര്‍വ്വതീകരിക്കുകയും ചെയ്യുന്ന കേരളീയ മാനസികാവസ്ഥയെ തുറന്നുകാണിക്കുകയാണ് ഈ ചിത്രം. പ്രിയനന്ദനന്റെ മറ്റ് ചിത്രങ്ങളുടെ ചേരുവയില്‍ നിന്ന് തീര്‍ത്തും ഭിന്നമായ ഭാവത്തിലാണ് അവതരിപ്പിക്കുന്നത്.
ദമനന്‍, മദനന്‍ എന്നീ രണ്ടു കള്ളന്മാരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥപറയുന്നത്.വ്യത്യസ്തമായ ഭൂമികയില്‍ എത്തിപ്പെടുന്ന കള്ളന്മാര്‍ അനുഭവിക്കുന്ന മാനസിക പ്രതിസന്ധികളെ അവതരിപ്പിക്കുന്നു ഈ ചിത്രം.സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതനും വിനയ്‌ഫോര്‍ട്ടുമാണ് ദമനെയും മദനനെയും അവതരിപ്പിക്കുന്നത്. നൂറോളം കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ചിത്രത്തില്‍ നവമി,അപര്‍ണ്ണ എന്നീ പുതിയനായികമാര്‍ എത്തുന്നു.
പുതിയ സാങ്കേതിക വിദഗ്ദ്ധരെ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ താരങ്ങളുടെയും വലിയ നിരതന്നെ ഈ ചിത്രത്തിലുണ്ട്.കേരളത്തിലും സാമൂഹ്യപ്രവര്‍ത്തകയായ ദയാബായിയുടെ മദ്ധ്യപ്രദേശിലെ ഗ്രാമത്തിലുമായി ചിത്രീകരിച്ച ഈ ചിത്രം ജനവരിയില്‍ പുറത്തെത്തിക്കാനാണ് പദ്ധതി.
ആകാശ് സിനിമയുടെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ബദല്‍മീഡിയയും അജയ് കെ.മേനോനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
വി.കെ.ശ്രീരാമന്‍,വിജയന്‍ കാരന്തൂര്‍,സതീഷ് മാരുതി,ജോസ് പി റാഫേല്‍,സി.ആര്‍.രാജന്‍,സുനിത നെടുങ്ങാടി ഉള്‍പ്പെടെ നൂറോളം താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.കേരളത്തിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ നിര തന്നെ ഈ ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു.സാമൂഹ്യപ്രവര്‍ത്തകയായ ദയാഭായിയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രശസ്ത കവികളായ സി രാവുണ്ണിയും മാധവിമേനോനുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്.കവിതാലോകത്ത് പ്രശസ്തരായ ഈ എഴുത്തുകാര്‍ ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി രചന നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെ പുതിയ നിര തന്നെ ഈ ചിത്രത്തിലൂടെ പുറത്തെത്തുന്നു.തിരക്കഥ: പ്രദീപ് മണ്ടൂര്‍, സംഗീതം: പി.കെ.സുനില്‍കുമാര്‍,ചിത്രസംയോജനം: ഷംജിത്ത്,കലാസംവിധാനം: ഇന്ദുലാല്‍, കോസ്റ്റിയൂം ഡിസൈന്‍: സിന്ധു സപ്തവര്‍ണ്ണ,ഗായകര്‍: സിത്താര കൃഷ്ണകുമാര്‍ ശ്രീരജ്ഞിനി മനോജ്, മേക്കപ്പ്: രാജേഷ് നൊറ,കോസറ്റിയൂമര്‍: സജി കുന്നുകുളം എന്നീ പുതിയ നിരയാണ് നിര്‍വഹിക്കുന്നത്.
from kerala news edited
via IFTTT