'തറാഹമു' കാമ്പയിനിന് ഇന്ന് തുടക്കമാകും
'ഹുദ' യു.എ.ഇ.യെ ബാധിക്കില്ലെന്ന് നിരീക്ഷണ കേന്ദ്രം
ദുബായ്:
'ഹുദ' എന്ന പേരിലുള്ള ശൈത്യക്കൊടുങ്കാറ്റ് അറബ് മേഖലയെ കീഴടക്കുമെന്ന ഭീതി പരക്കവെ, ശൈത്യക്കെടുതി ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്‍ദേശം. ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്കും ഇസ്രായേല്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട പലസ്തീനികള്‍ക്കും ശൈത്യത്തെ നേരിടുന്നതിനുള്ള സഹായങ്ങളെത്തിക്കാനാണ് ശൈഖ് ഖലീഫ നിര്‍ദേശം നല്‍കിയത്. 'തറാഹമു' കാമ്പയിന് ബുധനാഴ്ച തുടക്കമാകും. പത്തുലക്ഷം പേര്‍ക്ക് സഹായമെത്തിക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ദേശീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംഘടനകളും ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കണമെന്ന് ശൈഖ് ഖലീഫ ആവശ്യപ്പെട്ടു. ഈ ശൈത്യകാലത്ത് ജനങ്ങളുടെ കെടുതി ശമിപ്പിക്കേണ്ടത് ധാര്‍മികമായ ഉത്തരവാദിത്വമാണ്. മതപരമായ കടമകൂടിയാണത്. ദാനധര്‍മമെന്നത് ഇമാറാത്തികള്‍ക്ക് പ്രപിതാക്കള്‍ കൈമാറിയ മൂല്യമാണ്-ശൈഖ് ഖലീഫ പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റ് പ്രഖ്യാപിച്ച ദുരിതാശ്വാസ പദ്ധതി വിജയിപ്പിക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആഹ്വാനം ചെയ്തു. എത്രയും വേഗം സഹായങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.
ശൈത്യം നേരിടുന്നതിനുള്ള പുതപ്പ്, സ്വെറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാന്‍ അടിയന്തിര നടപടികൈക്കൊള്ളാനാണ് ശൈഖ് ഖലീഫയുടെ ഉത്തരവ്. മേഖലയില്‍ ശൈത്യം കനത്തുതുടങ്ങവെ, രാജ്യത്തുനിന്നെത്തുന്ന സഹായങ്ങള്‍ അഭയാര്‍ഥികള്‍ക്ക് വലിയ സഹായമാകും.
അതേസമയം, 'ഹുദ' ശൈത്യക്കൊടുങ്കാറ്റ് യു.എ.ഇ.യെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍, വ്യാഴാഴ്ചമുതല്‍ താപനില വീണ്ടും താഴുമെന്നും കേന്ദ്രം വ്യക്തമാക്കി.
from kerala news edited
via IFTTT