Story Dated: Wednesday, January 7, 2015 03:18
വൈക്കം:വൈക്കത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രമെഴുതിയ ചെമ്മനത്തുകര മോഡല്‍ പഠനകളരിക്ക് വീണ്ടും തുടക്കമായി. ക്ലാസ് മുറിയില്‍ ബിരുദവിദ്യാര്‍ത്ഥിയും ഒന്നാം ക്ലാസില്‍ പഠനം നടത്തുന്ന കുരുന്നും ഒരേ ക്ലാസ് മുറിയിലാണ്. ലക്ഷ്യം ഒന്നുമാത്രം, പരീക്ഷയെ സധൈര്യം നേരിട്ട് മികച്ചവിജയം നേടുക.
അതിനവരെ പ്രാപ്‌തരാക്കാന്‍ കനകാംബരന്‍ മാഷും ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരും എല്ലായ്‌പ്പോഴും കൂടെയുണ്ട്. 113-ാം നമ്പര്‍ ചെമ്മനത്തുകര എസ്.എന്‍.ഡി.പി ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റും ഗുരുദര്‍ശന ബാലവേദിയുമാണ് രാത്രികാല പരീക്ഷ പരിശീലനക്കളരിയുടെ ശില്‍പ്പികള്‍. പരീക്ഷാകളരിക്ക് നേതൃത്വം നല്‍കുന്നത് എസ്.എന്‍.ഡി.പി ആണെങ്കിലും ഇവിടെ എല്ലാ ജാതി-മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്. ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന പരിശീലന കളരിയില്‍ അറുപതിലധികം കുട്ടികള്‍ എത്തുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌ക്കൂള്‍ പഠനത്തിന് ശേഷം ട്യൂഷന്‍ ക്ലാസ്സുകളില്‍ പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇവര്‍ വീട്ടില്‍ പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ രക്ഷിതാക്കള്‍ ബുദ്ധിമുട്ടിലായി. പിന്നീട് നടന്ന ആലോചനകളിലാണ് പരീക്ഷാ പരിശീലനം എന്ന ആശയം ഊരിത്തിരിഞ്ഞത്. ആരംഭത്തില്‍ ഇതിന് സ്‌ഥലം കണ്ടെത്തുക ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗുരുദേവ വചനങ്ങള്‍ മനപാഠമാക്കിയ നാവള്ളില്‍ ഷാജിയും ഭാര്യ അജിയും പഠനകളരിക്കായി വീട്ടുമുറ്റത്തെ സ്‌ഥലം നല്‍കാന്‍ തയ്യാറായതോടെ പ്രശ്‌നപരിഹാരമായി. വീട്ടുമുറ്റത്ത് തുടങ്ങിയ കളരിയില്‍ വിദ്യാര്‍ത്ഥികള്‍ ഏറിയതോടെ ക്ലാസ് മുറികള്‍ വീടിനുള്ളിലേക്ക് കയറി തുടങ്ങി.
കഴിഞ്ഞ അഞ്ച വര്‍ഷമായി പരിശീലന കളരിയിലെ വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്‌ടു പരീക്ഷകളില്‍ മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇതോടെ നിയോജകമണ്‌ഡലത്തിലാകെ പരീക്ഷാകളരിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. പ്രവര്‍ത്തനമികവ് നേരില്‍കണ്ട് മനസ്സിലാക്കുവാന്‍ വിദ്യാഭ്യാസ രംഗത്ത് അറിവ് പകര്‍ന്നു നല്‍കുന്നവര്‍ ദിവസേന ഇവിടെ എത്തുന്നുണ്ട്. എത്തുന്നവരെല്ലാം വിദ്യാര്‍ത്ഥികളുമായി സംവദിച്ചും അറിവ് പകര്‍ന്നുമാണ് മടങ്ങുന്നത്. തലയാഴം ഗ്രാമപഞ്ചായത്ത് അംഗം എം.ഡി ബാബുരാജ്, പി.എസ്.സി ഉദ്യോഗസ്‌ഥനായ രമണന്‍ കടമ്പറ എന്നിവര്‍ പഠനകളരിയിലെ സജീവസാന്നിദ്ധ്യമാണ്.
പഠനകളരിയുടെ നേട്ടം സംഘാടകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. എല്ലാ ദിവസവും രാത്രി ഏഴ് മുതല്‍ പത്ത് വരെയാണ് കളരിയുടെ പ്രവര്‍ത്തനം. ഇവിടെ ചൂരല്‍വടിയും വഴക്കുപറച്ചിലുമില്ല. എല്ലാ നിയന്ത്രണവും കനകാംബരന്‍ മാഷിന്റെ കഴുത്തിലണിഞ്ഞ വിസിലിലാണ്. പഠനകളരിയില്‍ എത്തുന്നവര്‍ അന്നന്ന് പഠിക്കുന്ന പാഠങ്ങള്‍ മനഃപാഠമാക്കി പറഞ്ഞുകേള്‍പ്പിച്ചതിനുശേഷമാണ് ഇവിടുന്ന് പോകുന്നത്. ബിരുദവിദ്യാര്‍ത്ഥി മുതല്‍ ഒന്നാം ക്ലാസ് വരെയുള്ളവര്‍ ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഇവിടെ ഫീസില്ലെന്നതാണ് എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യം. ഉത്സവാന്തരീക്ഷത്തില്‍ ഇന്നലെ നടന്ന കളരിയുടെ ഉദ്‌ഘാടനം എസ്.എന്‍.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
പഠനകളരി അദ്ധ്യാപകന്‍ വി.വി കനകാംബരന്‍ അധ്യക്ഷത വഹിച്ചു. ചെമ്മനത്തുകര ക്ഷേത്രം മേല്‍ശാന്തി ബിനീഷ് വിദ്യാദീപം തെളിയിച്ചു. ശാഖാ സെക്രട്ടറി ടി.ആര്‍ കാര്‍ത്തികേയന്‍, രക്ഷാധികാരി റെജി ജിഷ്‌ണുഭവന്‍, കണ്‍വീനര്‍ വിജയമ്മ വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT