121

Powered By Blogger

Monday, 19 January 2015

നേതൃമാറ്റത്തിന് കളമൊരുങ്ങി സിഎസ്ബി ഓഹരി വിപണിയിലേക്ക്‌







നേതൃമാറ്റത്തിന് കളമൊരുങ്ങി സിഎസ്ബി ഓഹരി വിപണിയിലേക്ക്‌


ആര്‍. റോഷന്‍


കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഐ.പി.ഒ. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ നടന്നേക്കും



തൃശ്ശൂര്‍ ആസ്ഥാനമായുള്ള കാത്തലിക് സിറിയന്‍ ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പന (ഐ.പി.ഒ) അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നടന്നേക്കും. ചുരുങ്ങിയത് 300 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു കമ്പനി ഐ.പി.ഒ.യുമായി എത്തുന്നത്. ഓഹരി വില്‍പന സംബന്ധിച്ച കരടു രേഖ അടുത്ത മാസം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും.


അതിനിടെ, ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാകേഷ് ഭാട്യ രാജി സമര്‍പ്പിച്ചു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അതേസമയം, അദ്ദേഹത്തിന് ബാങ്കിലുള്ള ഒരു ശതമാനം ഓഹരി പങ്കാളിത്തം തുടരും. 2013 ഏപ്രില്‍ മാസമാണ് രാകേഷ് ഭാട്യ കാത്തലിക് സിറിയന്‍ ബാങ്കി(സി.എസ്.ബി)ന്റെ മേധാവിയായി ചുമതലയേറ്റത്. അതിന് മുമ്പ് എച്ച്.എസ്.ബി.സി.യിലായിരുന്നു.


പിന്‍ഗാമിയെ കണ്ടെത്തിയ ശേഷമാണ് രാകേഷ് ഭാട്യ സ്ഥാനമൊഴിയുന്നത്. എച്ച്.എസ്.ബി.സി.യില്‍ സഹപ്രവര്‍ത്തകനായിരുന്ന ആനന്ദ് കൃഷ്ണമൂര്‍ത്തിയെയാണ് അടുത്ത മാനേജിങ് ഡയറക്ടറായി രാകേഷ് ഭാട്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല്‍പ്പത്തേഴുകാരനായ ആനന്ദിനെ ഇതിനോടകം കാത്തലിക് സിറിയന്‍ ബാങ്കില്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ സി.എസ്.ബി.യുടെ ഹോള്‍സെയില്‍ ബാങ്കിങ്, ട്രഷറി വിഭാഗങ്ങളുടെ മേധാവിയാണ് ആനന്ദ് കൃഷ്ണമൂര്‍ത്തി. ആഗോള ബാങ്കിങ് സ്ഥാപനമായ എച്ച്.എസ്.ബി.സി. യില്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് വിഭാഗം മേധാവിയായിരുന്നു ബാംഗ്ലൂര്‍ സ്വദേശിയായ ആനന്ദ്. മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്ക്. ബിരുദവും ഐ.ഐ.എം. കൊല്‍ക്കത്തയില്‍ നിന്ന് എം.ബി.എ.യും കരസ്ഥമാക്കിയ ശേഷം 1993ലാണ് അദ്ദേഹം എച്ച്.എസ്.ബി.സി.യില്‍ ചേര്‍ന്നത്. അവിടെ 20 വര്‍ഷക്കാലം വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം 2014 ഏപ്രിലിലാണ് സി.എസ്.ബി.യില്‍ എത്തുന്നത്.


മാനേജിങ് ഡയറക്ടര്‍ നിയമനത്തിനായി ആനന്ദ് കൃഷ്ണമൂര്‍ത്തിയുടെ പേര് റിസര്‍വ് ബാങ്കിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ എസ്. സന്താനകൃഷ്ണന്‍ പറഞ്ഞു. ആനന്ദിന്റേതിനൊപ്പം രണ്ട് പേരുകള്‍ കൂടി സമര്‍പ്പിക്കും. തിങ്കളാഴ്ചയാവും ഇതു സംബന്ധിച്ച കത്ത് ആര്‍.ബി.ഐ.യ്ക്ക് നല്‍കുക. ആര്‍.ബി.ഐ.യുടെ അനുമതി ലഭിച്ചാലുടന്‍ ബാങ്കിന് നിയമനം നടത്താനാകും.


പുതിയ മാനേജിങ് ഡയറക്ടര്‍ എത്തുന്നതോടെ ഐ.പി.ഒ. വേഗത്തിലാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ മൂലധന അടിത്തറ ശക്തിപ്പെടുത്താനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാവും ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തം ബിസിനസ് 22,381.22 കോടി രൂപയിലെത്തിയിരുന്നു. ഇതില്‍ 13,673.86 കോടി രൂപ നിക്ഷേപവും 8,707.36 കോടി രൂപ വായ്പയുമാണ്. അറ്റാദായമാകട്ടെ, 26.88 കോടി രൂപയാണ്. 2014 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ബാങ്കിന് 430 ശാഖകളാണ് ഉള്ളത്. എ.ടി.എമ്മുകളുടെ എണ്ണം 233 ആയിട്ടുണ്ട്.


1920 ല്‍ സ്ഥാപിതമായ കാത്തലിക് സിറിയന്‍ ബാങ്ക് 1921 ജനവരി ഒന്നിനാണ് ബിസിനസ് ആരംഭിക്കുന്നത്. അഞ്ച് ലക്ഷം രൂപ അംഗീകൃത മൂലധനവുമായാണ് തുടക്കം. 1994ല്‍ ബാങ്കോക്ക് ആസ്ഥാനമായുള്ള വിദേശ ഇന്ത്യന്‍ വ്യവസായി സുരചന്‍ ചൗള, ബാങ്കിന്റെ 38 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഘട്ടംഘട്ടമായി ഇത് 10 ശതമാനമായി കുറയ്ക്കാന്‍ ചൗള നിര്‍ബന്ധിതമായി. ഇതെത്തുടര്‍ന്ന് 4.99 ശതമാനം ഓഹരി ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. ഇതോടെ ഫെഡറല്‍ ബാങ്കില്‍ കാത്തലിക് സിറിയന്‍ ബാങ്കിനെ ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 2009 ആഗസ്ത്‌സപ്തംബര്‍ കാലയളവില്‍ നടന്ന ഈ നീക്കം പിന്നീട് പരാജയപ്പെട്ടു.


ഇതിനിടെ, പ്രമുഖ വ്യവസായി എം.എ. യൂസഫലി, എഡെല്‍വീസ് ക്യാപ്പിറ്റല്‍ എന്നിവര്‍ 4.99 ശതമാനം വീതം ഓഹരി എടുത്തു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി എന്നിവയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. ചൗളയുടെ ഓഹരി പങ്കാളിത്തം റിസര്‍വ് ബാങ്ക് അനുശാസിച്ച 10 ശതമാനത്തിന് താഴെ എത്തിയതോടെയാണ് ഐ.പി.ഒ. നടപടികള്‍ വേഗത്തിലാക്കാന്‍ കാത്തലിക് സിറിയന്‍ ബാങ്ക് തീരുമാനിച്ചത്. ബാങ്കിന്റെ പബ്ലിക് ഇഷ്യുവിന് 2013 സപ്തംബറില്‍ തന്നെ ഓഹരി ഉടമകള്‍ അനുമതി നല്‍കിയതാണ്.


ഓഹരി വിപണി പുതിയ ഉയരത്തിലെത്തി നില്‍ക്കുമ്പോഴാണ് കേരളം ആസ്ഥാനമായുള്ള ബാങ്ക് ഐ.പി.ഒ.യുമായി എത്തുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ പബ്ലിക് ഇഷ്യുവാണ് ഏറ്റവും ഒടുവില്‍ നടന്നത്. 2011 ഏപ്രിലിലായിരുന്നു അത്. വിഗാര്‍ഡ് ഗ്രൂപ്പിന് കീഴിലുള്ള വണ്ടര്‍ലാ ഹോളിഡെയ്‌സിന്റെ ഐ.പി.ഒ കഴിഞ്ഞ വര്‍ഷം നടന്നതാണെങ്കിലും കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവാണ്. കേരളം ആസ്ഥാനമായുള്ള മറ്റു സ്വകാര്യ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഓഹരി വിപണിയിലെത്തി.











from kerala news edited

via IFTTT