121

Powered By Blogger

Monday, 19 January 2015

കേരളത്തിലെ ഏറ്റവും വലിയ ആഭരണ നിര്‍മാണശാല ഏപ്രിലോടെ







കേരളത്തിലെ ഏറ്റവും വലിയ ആഭരണ നിര്‍മാണശാല ഏപ്രിലോടെ


മലബാര്‍ ഗോള്‍ഡിന്റെ 50 കോടി നിക്ഷേപം



കേരളത്തിലെ ഏറ്റവും വലിയ ആഭരണ നിര്‍മാണശാല ഏപ്രിലോടെ പ്രവര്‍ത്തനം തുടങ്ങും. പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡാണ് 50 കോടി രൂപ ചെലവില്‍ മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ഇതിനായുള്ള ഫാക്ടറി സ്ഥാപിക്കുന്നത്. പ്രതിദിനം 50 കിലോ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള യൂണിറ്റാണിത്. ഭാവിയില്‍ ഇത് ഇരട്ടിയാക്കും. അതോടെ മുതല്‍മുടക്ക് നൂറ് കോടി രൂപയിലെത്തും.


ആദ്യഘട്ടത്തില്‍ തന്നെ 450 പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതാണ് ഫാക്ടറി. പിന്നീട് ഇത് ഇരട്ടിയാകും. കിന്‍ഫ്ര പാര്‍ക്കിലെ രണ്ടേകാല്‍ ഏക്കറില്‍ ഒന്നേകാല്‍ ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ആഭരണ നിര്‍മാണശാല വിഭാവനം ചെയ്തിരിക്കുന്നത്. 30 വര്‍ഷത്തെ പാട്ടത്തിനാണ് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി എടുത്തിരിക്കുന്നത്.


മലബാര്‍ ഗോള്‍ഡിന് നിലവില്‍ കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ചെറിയ തോതിലുള്ള ആഭരണ നിര്‍മാണ യൂണിറ്റുകളുണ്ട്. കേരളത്തിന് പുറത്ത്, ഹൈദരാബാദ്, ബാംഗ്ലൂര്‍, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് യൂണിറ്റ് ഉള്ളത്. ഇതിന് പുറമെ, കൊല്‍ക്കത്തയില്‍ മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് ആഭരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇവയെക്കാളൊക്കെ ഉയര്‍ന്ന ശേഷിയുള്ളതാണ് കാക്കഞ്ചേരിയില്‍ സ്ഥാപിച്ചുവരുന്ന നിര്‍മാണശാല.


കാക്കഞ്ചേരി യൂണിറ്റില്‍ നിന്നുള്ള സ്വര്‍ണാഭരണങ്ങള്‍ മുഖ്യമായും വിദേശ വിപണി ലക്ഷ്യം വച്ചുള്ളതാണ്. മലബാര്‍ ഗോള്‍ഡിന് സാന്നിധ്യമുള്ള എട്ടോളം വിദേശ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യും. ഇന്ത്യയ്ക്കകത്ത് എഴുപത്തിയഞ്ചും വിദേശങ്ങളില്‍ അമ്പത്തൊന്നും ശാഖകളാണ് മലബാര്‍ ഗോള്‍ഡിന് നിലവിലുള്ളത്.


സ്വര്‍ണാഭരണ നിര്‍മാണത്തില്‍ കേരളത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പ്ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ജ്യുവല്‍ കാഡ്, റൈനോസ്, ത്രീഡി മെട്രിക്‌സ് തുടങ്ങി കമ്പ്യൂട്ടര്‍ അധിഷ്ഠിത സോഫ്റ്റ്‌വേറുകളില്‍ രൂപകല്പന ചെയ്ത റാപ്പിഡ് പ്രോട്ടോ ടൈപ്പിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് മാനുഫാക്ചറിങ്, സി.എന്‍.സി. കട്ടിങ് തുടങ്ങിയവയുടെ സഹായത്തോടെ, ലോകോത്തര നിലവാരത്തിലാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ഇതിനൊപ്പം പാരമ്പര്യ സ്വര്‍ണാഭരണ തൊഴിലാളികളുടെ കരവിരുതും സംയോജിപ്പിക്കും.


സ്വര്‍ണാഭരണ നിര്‍മാണ പ്രക്രിയകളില്‍ തത്പരരായവരെ പരിശീലിപ്പിക്കാനായി ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും മാനുഫാക്ചറിങ് യൂണിറ്റിന്റെ ഭാഗമായുണ്ടാവും. ആഭരണ നിര്‍മാണത്തോടൊപ്പം സപ്ലൈ ചെയിന്‍ മാനേജ്‌മെന്റും ജ്വല്ലറി ബോക്‌സ്, പേപ്പര്‍ ക്യാരി ബാഗ്, പായ്ക്കിങ് മെറ്റീരിയല്‍ എന്നീ അനുബന്ധ വ്യവസായങ്ങളും യൂണിറ്റിന്റെ ഭാഗമായി വികസിപ്പിക്കും. നിര്‍മാണശാലയുടെ ടെറസ്സില്‍ ഏതാണ്ട് 45,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഓര്‍ഗാനിക്ക് കൃഷിയ്ക്കും പദ്ധതിയുണ്ട്.





മാലിന്യമുക്തമാക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍



പരിസ്ഥിതി സൗഹൃദമായാണ് കാക്കഞ്ചേരിയിലെ ആഭരണ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുക. പരിസര മലിനീകരണം ഇല്ലാതാക്കുന്നതിനായി അത്യാധുനിക മലിനീകരണ നിയന്ത്രണ ഉപകരണങ്ങളാണ് ആഭരണ നിര്‍മാണശാലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.


സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷനിങ് സൗകര്യത്തോടെയാണ് ഫാക്ടറി സ്ഥാപിക്കുക. വായു മലിനീകരണ നിയന്ത്രണോപാധിയായി ഫ്യൂം എക്‌സ്ട്രാക്ഷന്‍ സജ്ജീകരിച്ചു. ഫാക്ടറിയില്‍ നിന്നുള്ള ജലം റീസൈക്കിള്‍ ചെയ്ത്, എയര്‍കണ്ടീഷന്‍ കൂളിങ് ടവറിനും ഓര്‍ഗാനിക്ക് ഫാമിലും ഗാര്‍ഡനിങ്ങിനും ഫ്ലൂ് ടാങ്കുകളിലും ഉപയോഗിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഖരമാലിന്യങ്ങള്‍ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് സംസ്‌കരിക്കുക. ഇത്തരത്തില്‍ സ്വര്‍ണാഭരണ നിര്‍മാണ വേളയില്‍ ഉണ്ടാകുന്ന ജലവും വായുവും ശുദ്ധീകരിക്കുന്നതിലൂടെ ഗോള്‍ഡ് ലോസ് 99.99 ശതമാനവും റിക്കവറി ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.


പൊതുജനങ്ങള്‍ക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലുള്ള ആശങ്കകള്‍ക്കും വക നല്‍കാത്ത രീതിയിലായിരിക്കും പ്രവര്‍ത്തനം. ഖരദ്രാവക വാതക മാലിന്യങ്ങള്‍ പുറത്തുവിടാതെ, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമങ്ങള്‍ക്കനുസൃതമായാണ് ഫാക്ടറി പ്രവര്‍ത്തിക്കുകയെന്നും കമ്പനി വിശദീകരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതികള്‍ ഇതിനോടകം കിട്ടിയിട്ടുണ്ട്.











from kerala news edited

via IFTTT