121

Powered By Blogger

Monday, 19 January 2015

നിക്ഷേപം തേടി കണ്ണൂര്‍ വിമാനത്താവളം, സ്റ്റാര്‍ട്ട് അപ് വില്ലേജ്, മെട്രോ ടൗണ്‍ഷിപ്പ്







നിക്ഷേപം തേടി കണ്ണൂര്‍ വിമാനത്താവളം, സ്റ്റാര്‍ട്ട് അപ് വില്ലേജ്, മെട്രോ ടൗണ്‍ഷിപ്പ്


കൊച്ചി: നിക്ഷേപം തേടി മൂന്ന് പദ്ധതികള്‍ ആഗോള മലയാളി പ്രവാസി സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് വില്ലേജ് വികസന പദ്ധതികള്‍, കൊച്ചി മെട്രോയുടെ രണ്ട് ടൗണ്‍ഷിപ്പ് പ്രോജക്ടുകള്‍, കണ്ണൂര്‍ വിമാനത്താവളം എന്നിവയിലേക്കാണ് സര്‍ക്കാര്‍ പ്രവാസികളുടെ നിക്ഷേപം ക്ഷണിച്ചത്.

പ്രവാസികളുടെ സഹായം സംസ്ഥാന വികസന കാര്യങ്ങളില്‍ അനിവാര്യമാണെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനായിരുന്നു.


ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന 1,900 കോടി രൂപയുടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 16 ശതമാനം സ്വകാര്യ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 14 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. നെടുമ്പാശ്ശേരി മാതൃകയിലുള്ള പദ്ധതി പ്രവാസികള്‍ക്ക് നല്ലൊരു നിക്ഷേപ സാധ്യതയാണെന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എം.ഡി ജി. ചന്ദ്രമൗലി പറഞ്ഞു.

2025 ഓടെ 10,000 യുവ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ 750 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണ് സി.ഇ.ഒ. സഞ്ജയ് വിജയകുമാര്‍ അവതരിപ്പിച്ചത്.


50 കോടി രൂപ മുഖ്യനിക്ഷേപം, യുവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏയ്ഞ്ചല്‍ ഫണ്ടിങ്ങില്‍ 100 കോടി രൂപയുടെ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനത്തിനായി 650 കോടിയുടെ നിക്ഷേപം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പദ്ധതികള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്യുബേഷന്‍ സെന്ററുകളിലൊന്നായ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ വിദേശമാതൃകയില്‍ ഐഡിയേഷന്‍ ഹബ്ബാക്കി വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.


മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കാക്കനാട്ട് 20 കോടി ചെലവിട്ട് 18 ഏക്കറില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിനും മുട്ടത്തെ 230 കോടിയുടെ 215 ഏക്കര്‍ ടൗണ്‍ഷിപ്പിനുമാണ് എം.ഡി. ഏലിയാസ് ജോര്‍ജ് പ്രവാസി നിക്ഷേപം ക്ഷണിച്ചത്. ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ സംസാരിച്ചു.











from kerala news edited

via IFTTT