കണ്ണൂര്‍: മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ അന്തരിച്ചിട്ട് 26 വര്‍ഷം കഴിഞ്ഞെങ്കിലും കണ്ണൂര്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിന്റവിട മഠത്തുംകണ്ടി വീട്ടിലെ എം.ജനാര്‍ദനന്‍ നായര്‍ക്ക് നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെയെന്നോണം മനസ്സിലുണ്ട്.
ജനാര്‍ദനന്‍ നായര്‍ ഇപ്പോള്‍ പാതിരിയാട് പാലയില്‍ അനാദിക്കച്ചവടക്കാരനാണെങ്കിലും 35 വര്‍ഷക്കാലം പ്രേംനസീറിന്റെ ചെന്നൈയിലുള്ള മഹാലിംഗപുരത്തെ വീട്ടുജോലിക്കാരനായിരുന്നു.
തന്റെ 18ാം വയസ്സിലാണ് അദ്ദേഹം നസീറിന്റെ വീട്ടിലെത്തുന്നത്. നാട്ടുകാരനും സിനിമാ പ്രൊഡക്ഷന്‍ മാനേജരുമായിരുന്ന പുത്തലത്ത് കൃഷ്ണന്‍ നായരാണ് നസീറിന്റെ വീട്ടില്‍ ജോലിക്കുനിര്‍ത്തിയത്.
നസീറിന്റെ വീടുപണി പൂര്‍ത്തിയായശേഷം അവിടെ ജനാര്‍ദനന്‍ നായര്‍ ജോലിക്കു ചേരുകയായിരുന്നു. വീട്ടിലെ പാചകവും പുറത്തുപോയി സാധനങ്ങള്‍ വാങ്ങലുമായിരുന്നു പ്രധാന ജോലി. ജനാര്‍ദനന്‍ നായരെ ഒഴികെ മറ്റു ജോലിക്കാരെയെല്ലാം നസീര്‍ ഇടയ്ക്കിടെ പിരിച്ചുവിടും. എന്നാല്‍, നസീറിന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായി ജനാര്‍ദനന്‍ 35 വര്‍ഷക്കാലം നസീറിന്റെ വീട്ടില്‍ നിന്നു.
നസീറിന്റെ വീട്ടില്‍ത്തന്നെയായിരുന്നു ജനാര്‍ദനന്‍ താമസിച്ചിരുന്നത്. നസീറിനെക്കൂടാതെ ഭാര്യക്കും മക്കള്‍ക്കും ജനാര്‍ദനന്‍ സ്വീകാര്യനായിരുന്നു. 1982ല്‍ ജനാര്‍ദനനെ വിവാഹം കഴിക്കാനായി നസീര്‍ നാട്ടിലേക്കയച്ചു. അതിനുവേണ്ട സാമ്പത്തികവും നല്‍കി. പാതിരിയാട് ശങ്കരനെല്ലൂരിലെ ശോഭനയെ വിവാഹം കഴിച്ചു. വിവാഹശേഷം ജനാര്‍ദനന്‍ ചെന്നൈയിലേക്ക് തിരിച്ചു. പിന്നീട് നാട്ടില്‍പ്പോയി ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വീട്ടിലെത്താന്‍ നസീര്‍ ജനാര്‍ദനനോട് പറഞ്ഞു. ഭാര്യ ശോഭനയെയും ഒരുവയസ്സുള്ള മകന്‍ സന്തോഷിനെയും കൂട്ടി ചെന്നൈയിലെ നസീറിന്റെ വീട്ടിലെത്തി. അവിടെ മാസങ്ങളോളം താമസിച്ചാണ് ഭാര്യ ശോഭനയും കുഞ്ഞും മാങ്ങാട്ടിടത്തേക്ക് മടങ്ങിയത്. മലയാളത്തിലെ എത്രയോ സിനിമാതാരങ്ങള്‍ അതിഥിയായും അല്ലാതെയും ആ വീട്ടിലെത്തുമ്പോള്‍ നസീര്‍ വിളിക്കും ചായക്ക്...ഊണിന്... അല്ലെങ്കില്‍ പലഹാരങ്ങള്‍ കൊണ്ടുവരാന്‍. 'ജനൂ' എന്ന് നസീര്‍ നീട്ടി വിളിക്കും. സൗമ്യനും സ്‌നേഹവാത്സല്യവുമുള്ള വ്യക്തിയുമാണ് പ്രേംനസീര്‍ ജനാര്‍ദനന്‍ നന്ദിയോടെ അനുസ്മരിക്കുന്നു.
ചുവന്ന നാടന്‍ അരിയുടെ ചോറിനോടാണ് നസീറിന് ഏറെ ഇഷ്ടം. മത്സ്യം, ഇറച്ചി വിഭവങ്ങള്‍ എന്നുമുണ്ടാകും. ജയന്‍, കെ.പി.ഉമ്മര്‍, ബഹദൂര്‍, ഷീല, തിക്കുറിശ്ശി, ജോസ് പ്രകാശ്, അടൂര്‍ ഭാസി തുടങ്ങി മലയാളസിനിമയിലെ പ്രശസ്ത താരങ്ങള്‍, സംവിധായകര്‍ തുടങ്ങി എല്ലാവരും പ്രേംനസീറിന്റെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് ജനാര്‍ദനന്‍ ഓര്‍മിക്കുന്നു.
from kerala news edited
via IFTTT