Story Dated: Monday, January 19, 2015 02:18
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുമായും ബാറുടമ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. മന്ത്രി കെ.എം മാണിയ്‌ക്കെതിരായ നീക്കത്തിന് ഇരു നേതാക്കളും ശക്തമായ പിന്തുണ നല്‍കുന്നതായാണ് സംഭാഷണം. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നേരില്‍ കാണണമെന്ന് ജോര്‍ജ് ബിജു രമേശിനോട് ആവശ്യപ്പെടുന്നുണ്ട്. പുറമേ മാണി സാറിന്റെ രക്ഷയ്ക്കു വേണ്ടി പലതും പറഞ്ഞിട്ടുണ്ട്. അതൊന്നൂം കാര്യമാക്കേണ്ടെന്നും ജോര്‍ജ് പറയുന്നു. താന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് ചേട്ടനറിയാമല്ലോ എന്ന ബിജുവിന്റെ ചോദ്യത്തോട് പൊട്ടിച്ചിരിയായിരുന്നു ജോര്‍ജിന്റെ മറുപടി. നമുക്ക് കാണാം എന്ന് ജോര്‍ജ് പറയുന്നുമുണ്ട്.
മാണി കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണെന്ന് ബാലകൃഷ്ണപിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. അതുകേട്ട് താടിക്കും കൈയ്യും വച്ചിരിക്കുകയാണ് ചെയ്തത്. മാണിയെ വിടരുത്. ക്വിക്ക് വെരിഫിക്കേഷന്‍ പ്രഹസനമാണെന്നും സി.ബി.ഐ അന്വേഷണത്തിനായി ബിജു രമേശ് തന്നെ കോടതിയെ സമീപിക്കണമെന്നും അഭിഭാഷകനായ രാംകുമാറിനോട് താന്‍ തന്നെ വിളിച്ചുപറയാമെന്നും ബാലകൃഷ്ണപിള്ള പറയുന്നു. കേരളത്തിലെ നിയമമന്ത്രിക്കെതിരെ ഇവിടുത്തെ ഒരു ഏജന്‍സി അന്വേഷണം പ്രഹസനമാകുമെന്ന് കോടതിയില്‍ ഉന്നയിക്കണം. ബാര്‍ ലൈസന്‍സിനായി ബാറുടമകള്‍ 15 കോടി രൂപയോളം പിരിച്ചിട്ടുണ്ടെന്നും ഒരു കോടി മാണി വാങ്ങിയെന്നും ബാക്കി കിട്ടാത്തതുകൊണ്ടാണ് തര്‍ക്കം തുടരുന്നതെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
ഇതുമാത്രമല്ല, ബേക്കറി അസോസിയേഷനില്‍ നിന്ന് ടാക്‌സ് കൂട്ടുമെന്ന് പറഞ്ഞ് രണ്ടു കോടി വാങ്ങി. നെല്ല് വാങ്ങി അരിയാക്കി സപ്ലൈക്കോയ്ക്ക് നല്‍കുന്ന വ്യാപാരികള്‍ക്കുള്ള ബില്ല് മാറി നല്‍കിയില്ല. രണ്ടു കോടി രൂപ കൊടുത്തതില്‍ പിന്നെയാണ് മാണി ബില്ല് മാറി നല്‍കിയതെന്നും ബാലകൃഷ്ണപിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതുതന്നെയാണെന്ന് ബാലകൃഷ്ണപിള്ള സമ്മതിച്ചിട്ടുണ്ട്.
മാണിയെ പോലെ ഇത്രയും കുഴപ്പം കാണിച്ചയാളില്ല. മാണിയെ ന്യായീകരിച്ച് വെള്ളാപ്പള്ളി കൊഴാകൊഴായെന്ന് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നും അതു മോശമാണെന്നും ബാലകൃഷ്ണപിള്ള ബിജു രമേശിനോട് പറയുന്നു.
പി.സി. ജോര്‍ജുമായുള്ള ബിജു രമേശിന്റെ സംഭാഷണം കേള്‍ക്കാന്‍ താഴെ ക്ളിക് ചെയ്യുക
ആര്‍. ബാലകൃഷ്ണപിള്ളയുമായുള്ള ബിജു രമേശിന്റെ സംഭാഷണം കേള്‍ക്കാന്‍ താഴെ ക്ളിക് ചെയ്യുക
from kerala news edited
via IFTTT