ടി.ജെ. ശ്രീജിത്ത്
യൂറോപ്യന്‍ രാജ്യങ്ങളും ശ്രീലങ്കയും അള്‍ജീരിയയുമാണ് ഇന്ത്യയുടെ പ്രധാന കാര്‍ വിപണികള്‍. യൂറോപ്പ് തുടര്‍ച്ചയായി സാമ്പത്തിക മന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ശ്രീലങ്കയില്‍ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. അള്‍ജീരിയയില്‍ നിയമങ്ങളില്‍ ഭേദഗതിയും വരുത്തി. പുതിയ വിപണികള്‍ തേടേണ്ട ഗതികേടിലാണ് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ ചൈനയും ജപ്പാനുമെല്ലാം കടുത്ത മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. പക്ഷെ, കയറ്റുമതിയുടെ കാര്യത്തില്‍ സ്ഥിതിയെന്താവുമെന്ന് കണ്ടറിയണം. നിര്‍മിക്കുന്ന സാധനങ്ങളെല്ലാം തട്ടിന്‍പുറത്ത് കയറ്റി വെക്കേണ്ടിവരുമോ. അതും ഒരു കയറ്റുമതിയാണല്ലോ!
ഇന്ത്യയിലെ കീഴ്‌വഴക്കമനുസരിച്ച് കര്‍ഷകര്‍ എടുക്കുന്ന ബാങ്ക് വായ്പകള്‍, കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാറുകള്‍ക്ക് എഴുതി തള്ളാനുള്ളതാണ്. അങ്ങനെ അല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ചാട്ടവാറിനടിക്കണം. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടിട്ടുള്ളതും വായ്പകള്‍ എഴുതി തള്ളണമെന്നാവും. അങ്ങനെ നോക്കിയാല്‍ വായ്പ എന്നാല്‍ സാമ്പത്തിക സഹായം മാത്രമല്ല രാഷ്ട്രീയസഹായം കൂടിയാണ്. ഒരു പരസ്പര സഹായ സഹകരണ സംഘം. ആപത്തുകാലത്ത് കാ പത്ത് വെക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന ബാങ്ക് വായ്പകള്‍, തിരഞ്ഞെടുപ്പ് അടുത്താല്‍ രാഷ്ട്രീയക്കാരെയും സഹായിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യയിലെ പുതിയ സംസ്ഥാനങ്ങളായി മാറിയ ആന്ധ്രാപ്രദേശും തെലങ്കാനയും. രണ്ടിടത്തേയും രാഷ്ട്രീയ നേതൃത്വത്തിന്റെ വാഗ്ദാനമനുസരിച്ച് എഴുതിത്തള്ളുന്ന കാര്‍ഷികവായ്പ കോടിക്കണക്കിന് രൂപയുടേതാണ്.
കര്‍ഷകരും ഹാപ്പി, രാഷ്ട്രീയക്കാരും ഹാപ്പി, സര്‍ക്കാറില്‍ നിന്നും പണം കിട്ടുമെന്നതിനാല്‍ ബാങ്കുകളും ഹാപ്പി (എന്ന് കിട്ടും എന്ന് കണ്ടറിയണം). ഇതേ കര്‍ഷകര്‍ വീണ്ടും വായ്പയെടുക്കാന്‍ ചെന്നാലാണ് വിവരമറിയുക. കോടികള്‍ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ സ്ഥാനമാവും അവര്‍ക്ക് ബാങ്കുകളില്‍. മനപ്പൂര്‍വം വായ്പ തിരിച്ചടക്കാത്ത ഇടപാടുകാരന്‍ എന്ന് പേരിന് നേരെ തുല്യം ചാര്‍ത്തിയിട്ടുണ്ടാകും. ഇവിടെയാണ് കടം അപകടമാകുന്നത്. അതായത് ആ കര്‍ഷകര്‍ക്ക് ഇനിയങ്ങോട്ട് 'വായ്പ നഹി, നഹി' എന്ന് സാരം. കാസര്‍കോട് പോലുള്ള പ്രദേശങ്ങളില്‍ വായ്പ നല്‍കുന്നതിന് മുമ്പ് ഇടപാടുകാരനോ കുടുംബക്കാരോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ടോ എന്നാണ് ബാങ്കുകള്‍ ആദ്യം പരിശോധിക്കുക. വായ്പ എഴുതി തള്ളുമെന്നുറപ്പാണല്ലോ!
ഇനിയങ്ങോട്ട് സംസ്ഥാന സര്‍ക്കാറുകള്‍ ശമ്പളവും പെന്‍ഷനും മാത്രം കൊടുത്ത് കാലം കഴിച്ചാല്‍ മതിയാകും. വികസന പദ്ധതികളെല്ലാം സ്വകാര്യ കമ്പനികള്‍ വഴി ബി.ഒ.ടി.യിലോടിക്കോളും. ഇന്ത്യ മോദി ഇക്കണോമിക്‌സിന്റെ കാലത്തിലേക്ക് പിച്ചവെച്ചു തുടങ്ങി. കാലത്തിനൊത്ത് കോലം കെട്ടണമെന്നതിനാല്‍ നെഹ്‌റു ഇക്കണോമിക്‌സിനെ ചവറ്റുകുട്ടയിലെറിയും, അല്ല എറിഞ്ഞു. ആസൂത്രണ കമ്മീഷനെ മാറ്റി നീതി ആയോഗിനെ കൊണ്ടുവന്നതിലൂടെ അതാണ് സംഭവിച്ചത്.
ചവറ്റുകൊട്ടയിലേക്കുള്ള അടുത്ത ഊഴം പഞ്ചവത്സര പദ്ധതികളുടേതാണ്. പഞ്ചവത്സര പദ്ധതി എന്നാല്‍ പലപ്പോഴും പന്ത്രണ്ട് വര്‍ഷ പദ്ധതിയാകാറാണ് പതിവ്. മിക്ക പദ്ധതികളും അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുകയോ ലക്ഷ്യം കാണുകയോ ചെയ്യാറില്ല. പദ്ധതികള്‍ പൂര്‍ത്തിയായില്ലെന്ന് കരുതി സംസ്ഥാനങ്ങള്‍ ഇനി ആശങ്കപ്പെടേണ്ടിവരില്ല. പദ്ധതിയുണ്ടെങ്കിലല്ലേ ആശങ്ക വേണ്ടു. നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയ്ക്കും പ്രധാനമന്ത്രി മോദിജിക്കും പഞ്ചവത്സര പദ്ധതികള്‍ എന്നാല്‍ പണ്ടേ കല്ലുകടിയാണ്. ആസൂത്രണ കമ്മീഷന്‍ പോയതോടെ പഞ്ചവത്സര പദ്ധതിക്കും പൂട്ടുവീഴുമെന്ന് ഏതാണ്ട് ഉറപ്പാണ്. അപ്പോള്‍ പിന്നെ പദ്ധതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക് കിട്ടിയിരുന്ന പണം വലിയ താമസമില്ലാതെ ഗോവിന്ദയാകും. സംസ്ഥാനങ്ങള്‍ക്ക് കാശ് കൊടുക്കാന്‍ നീതി ആയോഗിന് മിക്കവാറും യോഗമുണ്ടാവില്ല.
from kerala news edited
via IFTTT