Story Dated: Monday, January 19, 2015 12:55
മനില: ഒരു തെറ്റും ചെയ്യാത്ത നിഷ്‌ക്കളങ്കരായ കുട്ടികളെ എന്തുകൊണ്ടാണ് നിഷ്‌ക്കരുണം മയക്കുമരുന്നിലേക്കും വേശ്യാവൃത്തിയിലേക്കും ദൈവം തള്ളിവിടുന്നത്?. എന്തുകൊണ്ടാണ് ചിലരെ മാത്രം ദൈവം സംരക്ഷിക്കുന്നത്? ഏഷ്യന്‍ പര്യടനത്തിനിടെ അഞ്ചുദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഏറെ ചിന്താധീനനാക്കിയ ചോദ്യങ്ങളായിരുന്നു ഇത്. 12 കാരിയായ ഒരു അനാഥക്കുട്ടിയായിരുന്നു കണ്ണീരോടെ പോപ്പിന് മുന്നിലേക്ക് ഈ ചോദ്യം എറിഞ്ഞത്.
മനിലയിലെ കാത്തോലിക് സര്‍വകലാശാലയിലെ സന്ദര്‍നത്തിനിടയിലായിരുന്നു പോപ്പിന് സമീപമെത്തി 12 കാരി ഗ്‌ളിസെല്ലാ ഇറിസ് പാലോമറിന്റെ ചോദ്യം വന്നത്. അച്‌ഛനമ്മമാരില്‍ നിന്നും അനേകം കുട്ടികളാണ് തട്ടിക്കൊണ്ടു പോകലിന് ഇരകളാകുന്നത്. അനേകം കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെടുക വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്‌ക്കുക തുടങ്ങി മോശം കാര്യങ്ങള്‍ക്ക് ഇരയാകുന്നു. കുട്ടികള്‍ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും എന്തു കൊണ്ടാണ് ദൈവം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ അനുവദിക്കുന്നത്? എന്തിനാണ് ഞങ്ങളിലെ ചിലരെ മാത്രം ദൈവം രക്ഷിക്കുന്നത്? കണ്ണീര്‍ വന്ന് മൂടി ഹൃദയം മുറിഞ്ഞ് ഇക്കാര്യം ചോദിക്കുന്നതിനിടയില്‍ നേരത്തേ തയ്യാര്‍ ചെയ്‌തു കൊണ്ടുവന്ന സ്വാഗതം പോലും കുട്ടിക്ക് പൂര്‍ത്തിയാക്കാനായില്ല. പോപ്പ് അവളെ ചേര്‍ത്ത് ആശ്‌ളേഷിച്ചു. ഉത്തരം പിന്നത്തേയ്‌ക്ക് മാറ്റിവെച്ചു.
ഒരു അനാഥാലയത്തില്‍ ചെറുപ്പത്തിലേ എത്തപ്പെട്ട കുട്ടിയായിരുന്ന അവള്‍ മാത്രമാണ് ഈ ചോദ്യം ചോദിച്ചതെന്നും സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും അതിന് കഴിഞ്ഞില്ലെന്ന് പോപ്പ് പിന്നീട് പ്രതികരിച്ചു.
എന്തുകൊണ്ടാണ് കുട്ടികള്‍ ബുദ്ധിമുട്ടുന്നത്? ഓരോരുത്തരും അവരോട് തന്നെ ചോദിക്കണം. വിതുമ്പിക്കരയാന്‍ നമ്മള്‍ പഠിക്കണം. വിശക്കുന്ന കുട്ടികളെ കാണുമ്പോള്‍, ഒരു കുട്ടി തെരുവില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കാണുമ്പോള്‍, ഒരു വീടില്ലാത്ത കുട്ടിയെ കാണുമ്പോള്‍, ഒരു തട്ടിക്കൊണ്ട് പോകലിന് ഇരയായ കുട്ടിയെ കാണുമ്പോള്‍, ദുരുപയോഗം ചെയ്യപ്പെട്ട കുട്ടിയെ കാണുമ്പോള്‍, സമൂഹം അടിമയാക്കുന്ന ഒരു കുട്ടിയെ കാണുമ്പോള്‍ ഒന്നു കരയാന്‍ കഴിയണമെന്ന് പോപ്പ് പിന്നീട് പറഞ്ഞു.
എല്ലാ കുഞ്ഞുങ്ങളെയും ദൈവം തന്ന ദാനമായി കാണേണ്ടതുണ്ട്. അവര്‍ക്ക് സന്തോഷവും സംരക്ഷണയും നല്‍കേണ്ടതുണ്ട്. തെരുവിലെ ജീവിതത്തിലേക്ക് വിടാതെ, പ്രതീക്ഷകള്‍ കൊള്ളയടിക്കാന്‍ സമ്മതിക്കാതെ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. കുട്ടികളെ തെറ്റില്‍ നിന്നും മദ്യം, ചൂതാട്ടം എന്നിവയില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പോപ്പ് പറഞ്ഞു.
from kerala news edited
via IFTTT