Story Dated: Wednesday, February 18, 2015 05:37
ന്യൂഡല്‍ഹി: അധോലോക നേതാവും 1993ലെ മുബൈ സ്‌ഫോടന കേസില്‍ ഇന്ത്യ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതികളില്‍ പ്രധാനിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്‌താനിലുണ്ടെന്ന പുതിയ വിവരങ്ങള്‍ പുറത്തായി. ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലാണ് ദാവൂദ് പാകിസ്‌താനിലെ കറാച്ചിയിലുണ്ടെന്ന വിവരത്തിന് ബലമേകുന്ന കൂടുതല്‍ വിവരങ്ങളുള്ളത്.
ദുബായിലെ പുതിയ പദ്ധതിയുടെ ഭാഗമായി പണം കൈമാറുന്ന വിവരം ദാവൂദും മറ്റൊരാളും സംസാരിക്കുന്നതാണ് ശബ്‌ദ സന്ദേശത്തിലുള്ളത്. ഇക്‌ബാല്‍ എന്നയാളാണ് ദാവൂദുമായി സംസാരിക്കുന്നത്. ദുബായിലെ പദ്ധതിക്കായി മൂന്നു ലക്ഷം ദിര്‍ഹം യാസിര്‍ എന്നയാള്‍ക്ക് കൈമാറാന്‍ ഇക്‌ബാല്‍ ദാവൂദിനോട് ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി യാസിര്‍ ഇവിടെ കറാച്ചിയിലുണ്ടെന്നും താന്‍ അയാളോട് പറഞ്ഞുകൊള്ളാമെന്നും ദാവൂദ് മറുപടി പറയുന്നു. ഈ മറുപടിയാണ് ദാവൂദ് കറാച്ചിയിലുണ്ടെന്ന വാദമുഖങ്ങള്‍ക്ക് ബലമേകുന്നത്.
ഫോണ്‍ സന്ദേശത്തില്‍ അമൃത് സിങ് എന്നയാളെ കുറിച്ചും ദാവൂദ് സൂചിപ്പിക്കുന്നുണ്ട്. പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലുടെ കൈമാറിയാല്‍ മതിയോ എന്ന് ദാവൂദ് ചോദിക്കുന്നു. എന്നാല്‍ അമൃത് സിങ് ആരാണെന്നത് വ്യക്‌തമല്ല.
ദാവൂദ് പാകിസ്‌താനിലുണ്ടെന്നും തങ്ങള്‍ക്ക് അയാളെ വിട്ടുതരണമെന്നും ഇന്ത്യ പാകിസ്‌താനോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാദം തെറ്റാണെന്നാണ് പലപ്പോഴും പാകിസ്‌താന്‍ പ്രതികരിച്ചിരുന്നത്. മുംബൈ സ്‌ഫോടനത്തിന് പുറമെ 2013ലെ ഐ.പി.എല്‍. വാതുവെപ്പിലും ദാവൂദിന്റെ പങ്ക് വ്യക്‌തമായിരുന്നു.
from kerala news edited
via IFTTT