Story Dated: Wednesday, February 18, 2015 03:15
മലപ്പുറം: താമസ സ്ഥലത്തെ വഴക്കിനെ തുടര്‍ന്നു തെങ്ങിനുമുകളില്‍ കയറി തമിഴ് യുവാവിന്റെ ആത്മഹത്യാഭീഷണി. ഭീഷണിമുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്സ് അനുനയിപ്പിച്ച് താഴെയിറക്കി. ഇന്നലെ രാവിലെ എട്ടിനു ആനക്കയം ഈരാമുടുക്കിലാണു സംഭവം. ഇവിടെയുള്ള കല്ലുവളപ്പില്‍ രാധാകൃഷ്ണന്റെ തെങ്ങിലാണ് നാഗപട്ടണം സ്വദേശിയായ ശിങ്കാരവേലു (36) ആത്മഹത്യാഭീഷണി മുഴക്കി കയറിയത്. ഇയാള്‍താമസിക്കുന്ന ഇരുമ്പുഴിയിലെ ക്വാര്‍ട്ടേഴ്സില്‍ സഹപ്രവര്‍ത്തകരുമായുണ്ടായ വഴക്കാണു പ്രശ്നത്തിനു കാരണമെന്നു മഞ്ചേരി പോലീസ് പറഞ്ഞു. മൊബൈല്‍ഫോണും പഴ്സും നഷ്ടപ്പെട്ടതായി ആരോപിച്ച ഇയാള്‍ക്ക് ചെറിയ രീതിയില്‍ മാനസിക പ്രശ്നമുള്ളതായും പോലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിഞ്ഞു എത്തിയപ്പോഴേക്കും ശിങ്കാരവേലു തെങ്ങിന്റെ മുകളിലെത്തിയിരുന്നു. ഉടന്‍ വാര്‍ഡംഗ നാണി മലപ്പുറം ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് എത്തി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ കാക്കിയണിഞ്ഞ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ കണ്ടു പോലീസ് ആണെന്നു തെറ്റിദ്ധരിച്ച ശിങ്കാരവേലു തന്നെ താഴെയിറക്കാന്‍ നോക്കേണ്ടെന്നും കല്ലെറിയുമെന്നു ഭീഷണിപ്പെടുത്തി. കത്തിയും കല്ലുകളുമായാണ് ഇയാള്‍ തെങ്ങില്‍ കയറിയിരുന്നത്. രോഷാകുലനായ ഇയാള്‍ ഇതിനിടെ കത്തിയും പുറത്തെടുത്തു. തുടര്‍ന്നു തങ്ങള്‍ പോലീസ് അല്ലെന്നും ഫയര്‍ഫോഴ്സ് ആണെന്നും രക്ഷപ്പെടുത്താനാണ് വന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഇയാള്‍ ആദ്യം വഴങ്ങിയില്ല. തന്നെ പോലീസ് ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നു ശിങ്കാരവേലു നിരന്തരം പറയുന്നുണ്ടായിരുന്നു. അങ്ങനെ സംഭവിക്കില്ലെന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതോടെയാണ് ശിങ്കാരവേലു ശാന്തനായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ ഇയാള്‍ താഴെയിറങ്ങുകയായിരുന്നു. തുടര്‍ന്നു ഇയാളെ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു.
from kerala news edited
via IFTTT