Story Dated: Tuesday, February 17, 2015 08:21
നവാഡാ: പീഡന വിവരം പൊതു സമൂഹത്തില്‍ നിന്നും മറച്ചു പിടിക്കാന്‍ യുവതിക്ക് 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത് അംഗത്തോടാണ് പണം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടത്.
എന്നാല്‍ പണം നല്‍കാന്‍ പ്രദേശത്തെ ഉന്നതകുടുംബത്തിലെ അംഗം കൂടിയായ യുവാവ് വിസമ്മതിച്ചു. സംഭവം പുറത്ത് പറയരുതെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഭീഷണി ശക്‌തമായതോടെ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ഇവര്‍ പീഡനത്തിന് ഇരയായത്. യുവതിയെ തടവിലാക്കിയ പ്രതിരണ്ടുദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു.
പണം നല്‍കി പീഡന സംഭവങ്ങള്‍ ഒതുക്കുന്നതിന് ബീഹാറിലെ പഞ്ചായത്തുകള്‍ മുമ്പും നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കാതിഹാര്‍ ജില്ലയില്‍ നടന്ന സംഭവമാണ് ഇതില്‍ അവസാനത്തേത്. പഞ്ചായത്ത് അംഗത്തിന്റെ പീഡനത്തിന് ഇരയായ മഹാദളിത് യുവതിക്ക് 41,000 രൂപ നല്‍കാനാണ് പഞ്ചായത്ത് വിധിച്ചത്. പണം വാങ്ങി സംഭവം മറന്നുകളയാനാണ് യുവതിയോട് പഞ്ചായത്ത് ആവശ്യപ്പെട്ടത്.
നാല് സഹോദരങ്ങളുടെ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് 50,000 രൂപ നല്‍കാനായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പണം വാങ്ങിയ ശേഷം ഗര്‍ഭം അലസിപ്പിച്ചു കളയണമെന്നും പെണ്‍കുട്ടിക്ക് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു.
from kerala news edited
via IFTTT