121

Powered By Blogger

Tuesday, 17 February 2015

കുരങ്ങുപനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 25ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എസ്‌. ശിവകുമാര്‍











Story Dated: Tuesday, February 17, 2015 01:39


പുല്‍പ്പള്ളി: വയനാട്ടിലെ കുരങ്ങുപനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 25 ലക്ഷം രൂപ അടിയന്തിരമായി അനുവദിച്ചതായി ആരോഗ്യ മന്ത്രി വി.എസ്‌. ശിവകുമാര്‍ പറഞ്ഞു. പൂതാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുരങ്ങ്‌ പനി പരത്തുന്ന കീടങ്ങള്‍, ചെള്ള്‌ എന്നിവയെ നശിപ്പിക്കുന്നതിനുള്ള മലാത്തിയോണ്‍ പൊടി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി അഞ്ചുലക്ഷം രൂപയും വനമേഖലയുമായി ബന്ധപ്പെട്ട്‌ ഉപജീവനം കഴിക്കുന്നവര്‍ക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ നല്‍കുന്നതിന്‌ 10 ലക്ഷം രൂപയും അനുവദിച്ചു. വനം വകുപ്പ്‌ ജീവനക്കാര്‍ക്ക്‌ പരിശീലനം, തദ്ദേശീയര്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കുന്നതിന്‌ മൂന്നു ലക്ഷം രൂപ, വനാതിര്‍ത്തികളില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളും മറ്റും സ്‌ഥാപിക്കുന്നതിന്‌ നാലു ലക്ഷം രൂപ, രോഗ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന്‌ ഒരു ലക്ഷം രൂപ എന്നാങ്ങനെയും തുക അനുവദിച്ചതായി മന്ത്രി അറിയിച്ചു.


കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിന്‌ രണ്ടു ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ ട്രൈബല്‍ കോര്‍പ്പസ്‌ ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ മരുന്നുകളും മറ്റും വാങ്ങുന്നതിന്‌ ആരോഗ്യ വകുപ്പിന്‌ നല്‍കും. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക്‌ കൂടെ നില്‍ക്കുന്നതിനും മറ്റുമായി അഞ്ച്‌ ട്രൈബല്‍ പ്ര?മോട്ടര്‍മാരെ പുതുതായി ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കുരങ്ങ്‌ പനി ബാധിതരെ സൗജന്യമായി ചികിത്സിക്കുന്നതിന്‌ മാത്രമായി വിംസ്‌ മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ്‌ തയ്യാറാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള റഫറന്‍സ്‌ കാര്‍ഡ്‌ സഹിതം രോഗികളെ നേരിട്ട്‌ അത്യാസന്ന വിഭാഗത്തില്‍ എത്തിക്കാം. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പനി ബാധിതര്‍ക്കായി പ്രത്യേക സംവിധാനമൊരുക്കാന്‍ സൂപ്രണ്ടിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 19ന്‌ ബത്തേരിയില്‍ അതിര്‍ത്തി സംസ്‌ഥാനങ്ങളിലെ ഉന്നതോദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.


യോഗത്തില്‍ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്‌ടര്‍ വി. കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ്‌ അഡീഷണല്‍ ഡയറക്‌ടര്‍ എ. പ്രദീപ്‌ കുമാര്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ.ബി. മൃണാളിനി, വൈസ്‌ പ്രസിഡന്റ്‌ കെ.കെ. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ്‌, ഡി.എം.ഒ ഡോ. നിത വിജയന്‍, ഫോറസ്‌റ്റ് റെയിഞ്ച്‌ ഓഫീസര്‍ രഞ്‌ജിത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT