Story Dated: Tuesday, February 17, 2015 01:39
വെള്ളമുണ്ട: പോലീസ് സൃഷ്‌ടിക്കുന്ന ആശങ്കകള്‍ക്കിടയില്‍ വീണ്ടുമൊരു അടിയോരുടെ പെരുമന്റെ രക്‌തസാക്ഷിദിനം. നക്‌സല്‍ വര്‍ഗീസിന്റെ ദാരുണ കൊലപാതകത്തിന് നാളെ 45 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും മാവോയിസ്‌റ്റുകളുടെ പേരില്‍ പോലീസ് ജാഗ്രതയിലാണ്.
അധികൃതര്‍ സൃഷ്‌ടിക്കുന്ന ആശങ്കയൊഴിച്ചാല്‍ ഈ വര്‍ഷവും അനിഷ്‌ടങ്ങളൊന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വര്‍ഗ്ഗീസിന്റെ സഹയാത്രികരും നാട്ടുകാരും ബന്ധുക്കളും. 1970 ഫെബ്രുവരി 18നാണ് തിരുനെല്ലി കാടുകളില്‍ വിപ്ലവത്തിന്റെ ഇടിമുഴക്കം സൃഷ്‌ടിച്ച എ. വര്‍ഗ്ഗീസ് വെടിയേറ്റ് വീണത്. തിരുനെല്ലി കമ്പമലയില്‍ പോലീസും നക്‌സലേറ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നക്‌സലേറ്റ് സംഘം ചിതറിയോടിയെന്നും പിന്നീട് ലാല്‍ എന്ന പോലീസ് നായയുടെ സഹായത്തോടെ വര്‍ഗ്ഗീസ് ഒളിച്ചിരുന്ന സങ്കേതത്തിലേക്ക് അന്നത്തെ തലശ്ശേരി ഡി.വൈ.എസ്.പിയായിരുന്ന ലക്ഷ്‌മണന്റെ നേതൃത്വത്തിലുള്ള സംഘം കടന്നുചെന്നുവെന്നും തുടര്‍ന്ന് വര്‍ഗ്ഗീസ് ലക്ഷ്‌മണക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ കൂടെയുണ്ടായിരുന്ന സി.ആര്‍.പിക്കാര്‍ വര്‍ഗ്ഗീസിന്റെ നേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതോടെ വര്‍ഗ്ഗീസ് തല്‍ക്ഷണം മരണപ്പെട്ടുവെന്നുമാണ് അന്ന് പുറംലോകത്തെ പോലീസുകാര്‍ അറിയിച്ചിരുന്നത്. ഇതുതന്നെയായിരുന്നു ലോകം മുഴുവന്‍ വിശ്വസിച്ചതും.
എന്നാല്‍ ജീവനോടെ പിടികൂടിയ വര്‍ഗ്ഗീസിനെ ഡി.വൈ.എസ്.പി ലക്ഷ്‌മണയുടെ ഭീഷണിയെ തുടര്‍ന്ന് വെടിവെച്ച് കൊല്ലേണ്ടി വന്ന ഹെഡ്‌കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ് പോലീസ് പറയുന്നത് ശരിയല്ലെന്ന വാസ്‌തവം ജനങ്ങള്‍ അറിയുന്നത്. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 1999ല്‍ കേസ് സി.ബി.ഐ ഏറ്റെടുക്കുകയും 2010ല്‍ ഐ.ജി ലക്ഷ്‌മണയെയടക്കം പ്രതിയാക്കി ജയിലിലടച്ചെങ്കിലും പിന്നീട് പ്രായാധിക്യം കാരണം പറഞ്ഞ് ഇപ്പോഴത്തെ സര്‍ക്കാര്‍ ലക്ഷ്‌മണയുടെ ജീവപര്യന്തം വെട്ടിക്കുറച്ച് ജയില്‍ മോചിതനാക്കുകയായിരുന്നു. ഇതിനെതിരെ ഇപ്പോഴും നിയമനടപടികള്‍ നടക്കുന്നുണ്ട്.
കര്‍ഷക കുടുംബത്തിലെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തില്‍ നിന്നും സമൂഹത്തിന്റെ വസന്തം സ്വപ്‌നം കണ്ട് ജന്മിമാര്‍ക്കെതിരെ വര്‍ഗ്ഗീസ് നയിച്ച തേരോട്ടങ്ങള്‍ ഇന്നും തിരുനെല്ലിയില്‍ അയവിറക്കുന്നവരുണ്ട്. വര്‍ഗീസിനെ തേടി രാപ്പകലില്ലാതെ പോലീസുകാര്‍ കോളനികളില്‍ കയറിയിറങ്ങി ആദിവാസികളുടെ സൈ്വര്യജീവിതം തടസപ്പെട്ടപ്പോള്‍ അപകടകരമായ മൗനത്തിലായിരുന്നു സമൂഹം. ഇന്ന് മാവോയിസ്‌റ്റുകളെ പിടികൂടാനെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെപ്പോലും പോലീസ് നിയമകുരുക്കിലകപ്പെടുത്തുമ്പോഴും ഇതേ മൗനം തന്നെയാണ് തുടരുന്നത്. വര്‍ഗീസ് ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകള്‍ അനുസ്‌മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ് വിഭാഗം നാളെ രാവിലെ അഞ്ചുമണിക്ക് ഒഴുക്കന്മൂലയിലെ വര്‍ഗ്ഗീസിന്റെ ശവകുടീരത്തിലും, വെടിയേറ്റുവീണ കൂമ്പാരകുനിയിലും പതാക ഉയര്‍ത്തലും, പ്രഭാതഭേരിയും നടത്തും. തിരുനെല്ലിയില്‍ പി.സി. ഉണ്ണിച്ചെക്കനും, വെള്ളമുണ്ടയില്‍ എ.എന്‍. സലീംകുമാറും നേതൃത്വം നല്‍കും. ഇന്ന് വൈകുന്നേരം ഗാന്ധിപാര്‍ക്കില്‍ അനുസ്‌മരണ സമ്മേളനം നടത്തും. നാളെ വൈകിട്ട് സി.പി.ഐ.എം.എല്‍ ജില്ലാ കമ്മിറ്റി മാനന്തവാടിയിലും, പോരാട്ടം ജില്ലാ കമ്മിറ്റി വെള്ളമുണ്ടയിലും അനുസ്‌മരണ യോഗം സംഘടിപ്പിക്കും.
വെള്ളമുണ്ടയില്‍ നടക്കുന്ന പോരാട്ടം കമ്മിറ്റിയുടെ യോഗത്തില്‍ സംസ്‌ഥാന സെക്രട്ടറി രാവുണ്ണി പ്രസംഗിക്കും. വര്‍ഗീസ് ദിനത്തിലും, ജോഗി ദിനത്തിലും മാവോയിസ്‌റ്റ് ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുള്‍പ്പടെയുള്ളവരുടെ നീക്കങ്ങള്‍ പോലീസ് സൂക്ഷ്‌മമായി നിരീക്ഷിക്കും. ഇതിനുപുറമെ പതിവ് മാവോയിസ്‌റ്റ് പരിശോധനകളും തുടരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അബ്‌ദുള്ള പള്ളിയാല്‍
from kerala news edited
via IFTTT