Story Dated: Tuesday, February 17, 2015 01:39
ബത്തേരി: രണ്ടുപേരെ കൊന്ന നരഭോജി കടുവയെ വെടിവച്ച് പിടിക്കാന്‍ കേരള- തമിഴ്‌നാട് വനപാലകര്‍ നീക്കം ഊര്‍ജിതമാക്കി. ഇതിനിടെ ഗൂഡല്ലൂര്‍ വനമേഖലയില്‍ ഇന്നലെ രാവിലെ കടുവയെ കണ്ടെത്തി. എന്നാല്‍ വെടിവെക്കാന്‍ സാഹചര്യമൊത്തില്ല. സ്‌പെഷ്യല്‍ ടാസ്‌ക്ക്ഫോഴ്‌സ്, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ എന്നിവരടക്കം 400 ഓളം സേനാംഗങ്ങളാണ് തമിഴ്‌നാട്ടില്‍ കടുവയുടെ പുറകെയുള്ളത്. അതേ സമയം കടുവ വയനാടന്‍ വനത്തിലേക്ക് കടന്നാല്‍ വെടിവെക്കാനായി 80 അംഗങ്ങളടങ്ങുന്ന പ്രത്യേക ദൗത്യ സംഘത്തിന് കേരളവും രൂപം നല്‍കി.
മയക്കുവെടി വിദഗ്‌ധരായ ഡോ. അരുണ്‍ സക്കറിയ, ഡോ. ജിജിമോന്‍ എന്നിവര്‍ കേരള സംഘത്തോടൊപ്പമുണ്ട്. വെടിവെക്കാന്‍ വിദഗ്‌ധരായ ആളുകളെയാണ് കേരളം പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ട് തോക്കുകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ചെട്ട്യാലത്തൂരിലും മറ്റ് അതിര്‍ത്തി വനങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് കേരള സംഘം നിലയുറപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍ വനമേഖലയില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ള വയനാടന്‍ വനത്തിലേക്ക്. അതിനാല്‍ ചെട്ട്യാലത്തൂര്‍ ഉള്‍പ്പെടെയുള്ള വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഗ്രാമീണരുടെ സുരക്ഷക്കായി വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഒരു സംഘം വനപാലകര്‍ ചെട്ട്യാലത്തൂരില്‍ തങ്ങി.
വീടുകള്‍ക്കു സമീപം തീ കൂട്ടിയാണ് നാട്ടുകാരും വനപാലകരും കാവലിരുന്നത്. ബെണ്ണ വനമേഖലയിലാണ് ഇന്നലെ തമിഴ്‌നാട് സംഘം കടുവയെ കണ്ടത്. എന്നാല്‍ ഇത് നരഭോജി കടുവയാണോ എന്ന് സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നരഭോജി കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നാണ തമിഴ്‌നാട് വനംവകുപ്പിന്റെ നിഗമനം. അതുകൊണ്ട് ഏറെദൂരം സഞ്ചരിക്കാന്‍ കടുവക്ക് കഴിയുകയില്ലെന്നാണ് ഇവരുടെ നിഗമനം. തന്‍മൂലം വെടിവെച്ചു കൊല്ലുന്നതിനു പകരം മയക്കുവെടിവെച്ച് ജീവനോടെ കടുവയെ പിടിക്കാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കമെന്ന് സൂചനയുണ്ട്. എന്നാല്‍ ജനരോക്ഷം ഭയന്ന് ഇക്കാര്യം അവര്‍ പരസ്യമാക്കുന്നില്ല. കടുവ മനുഷ്യനെ കൊന്നതിനെതുടര്‍ന്ന് വ്യാപകമായ അക്രമമാണ് പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ഉണ്ടായത്.
കടുവയുടെ ആക്രമണത്തില്‍ മരിച്ച യുവതിയുടെ വീടും, മറ്റിടങ്ങളും തമിഴ്‌നാട് വനം വകുപ്പ് മേധാവി ശിവകുമാര്‍, ഡോ. മല്‍ക്കാനി തുടങ്ങിയവയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. മുതുമല കടുവാ സങ്കേതം ഫീല്‍ഡ് ഡയറക്‌ടര്‍ രഘുറാംസിംഗാണ് തമിഴ്‌നാട് വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കടുവയുടെ കാല്‍പാദങ്ങളും പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം മനസിലാക്കാന്‍ വനത്തില്‍ പലഭാഗങ്ങളിലായി 15 ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്‌ഥ ഭയന്ന് ബിദര്‍ക്കാട്, പാട്ടവയല്‍ എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തേക്ക് നീലഗിരി ജില്ലാ കലക്‌ടര്‍ പി. ശങ്കര്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്‌ഥര്‍ പ്രദേശത്ത് തമ്പടിച്ചാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ജില്ലാ കലക്‌ടര്‍ പി.ശങ്കര്‍, തമിഴ്‌നാട് ഫോറസ്‌റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ അന്‍വറുദീന്‍, ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍, മുതുമല കടുവാ സങ്കേതം ഡെപ്യുട്ടി ഡയറക്‌ടര്‍ ചന്ദ്രന്‍, ആര്‍.ഡി.ഒ: വി.ജൈ ബാബു, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍മാരായ രാമചന്ദ്രന്‍, ഹാരി, ഗൂഡല്ലൂര്‍ ഡി.എഫ്.ഒ തേജസ്വി, ഊട്ടി സൗത്ത് ഡി.എഫ്. ഒ ഭദ്രസ്വാമി, സത്യമംഗലം ഡി.എഫ്.ഒ രാജ്‌കുമാര്‍, ഹാസനൂര്‍ ഡി.എഫ്.ഒ പത്മ, ഈറോഡ് ഡി.എഫ്.ഒ നാഗരാജ് തുടങ്ങിയവര്‍ സംഭവസ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബിദര്‍ക്കാട് ടൗണില്‍ പോലീസ് വന്‍സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ കഴിഞ്ഞദിവസം വ്യാപകമായ അക്രമം നടന്നിരുന്നു.
ഡി.വൈ.എസ്.പി.മാരായ ജി.ഗോപി, എസ്.എം സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐ.ജി ശങ്കര്‍, ഡി.ഐ.ജി മണിദിവാരി എന്നിവര്‍ സംഭവസ്‌ഥലം സന്ദര്‍ശിച്ചിരുന്നു. കടുവാ ഭീതിനിലനില്‍ക്കുന്നതിനാല്‍ ബിദര്‍ക്കാട്, പാട്ടവയല്‍, ബെണ്ണ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ രണ്ട് ദിവസത്തേക്ക് മ്രദസക്കും അവധി നല്‍കിയിട്ടുണ്ട്. അതിനിടെ ഗൂഡല്ലൂര്‍- ബത്തേരി അന്തര്‍സംസ്‌ഥാന പാതയിലെ ഗതാഗതം ഇന്നലെ പുനസ്‌ഥാപിച്ചു. ജനജീവിതം സാധാരണ നിലയിലായി.
from kerala news edited
via IFTTT