Story Dated: Tuesday, February 17, 2015 02:17
ന്യൂഡല്‍ഹി : കുറ്റപത്രം നല്‍കാതെയുള്ള അനിശ്‌ചിതകാല സസ്‌പെന്‍ഷന്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി വിലയിരുത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തില്‍ കുറ്റപത്രം നല്‍കാതെ സര്‍ക്കാര്‍ ജീവനക്കാരെ 90 ദിവസത്തിലധികം സസ്‌പെന്‍ഡ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റപത്രം സമര്‍പ്പിക്കാതെ സസ്‌പെന്‍ഷന്‍ അനിശ്‌ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായ അജയ്‌കുമാര്‍ ചൗധരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കുറ്റപത്രം നല്‍കാതെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാവുന്ന പരമാവധി കാലാവധി 90 ദിവസമാണെന്ന് കോടതി വ്യക്‌തമാക്കി. സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ അതിനു കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും ജസ്‌റ്റിസ് ബിക്രംജിത് സെന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണകരമാകുന്നതാണ് നിലവിലെ കോടതി വിധി.
കൃത്യമായ നടപടികളില്ലാതെ അനിശ്‌ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ സസ്‌പെന്‍ഷന്‍ നീട്ടുന്നതിന് തടസമില്ല. അച്ചടക്ക നടപടിക്ക് വിധേയനാകുന്ന വ്യക്‌തിയുടെ സമൂഹത്തിലെ നിലയും വിലയും കണക്കിലെടുക്കണം. ഇത്തരം നടപടികള്‍ മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
from kerala news edited
via IFTTT