Story Dated: Tuesday, February 17, 2015 08:20
അഡ്‌ലെയ്‌ഡ്: ഇന്ത്യയുടെ ഓരോ വിജയത്തിന് ശേഷവും സ്‌റ്റമ്പ് ഊരിയെടുക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിയുടെ ശീലം പ്രശസ്‌തമാണ്. എന്നാല്‍ ഈ ലോകപ്പില്‍ ധോണിയുടെ മോഹം നടക്കില്ല. പാക്കിസ്‌താനെതിരെ വിജയിച്ച ശേഷം സ്‌റ്റമ്പ് ഊരിയെടുക്കാന്‍ ശ്രമിച്ച ധോണിയെ സ്‌ക്വയര്‍ ലെഗ് അംപയറായ ഇയാന്‍ ഗ്ലൗഡ് സൗമ്യനായി തടയുന്നത് ടെലിവിഷന്‍ സ്‌ക്രീനില്‍ ഏവരും ശ്രദ്ധിച്ചിരിക്കും.
ഈ ലോകകപ്പില്‍ എല്‍.ഇ.ഡി സ്‌റ്റംപുകളും ബെയ്‌ലുകളുമാണ് ഐ.സി.സി ഉപയോഗിക്കുന്നത്. ഇതിന് 40,000 ഡോളര്‍ (എകദേശം 24 ലക്ഷം രൂപ) വിലയാകും. എല്‍.ഇ.ഡി ബെയ്‌ലുകള്‍ക്ക് മാത്രം ഒരു ഐ ഫോണ്‍ 5ന്റെ വിലയാകും (50,000 രൂപ). ഇതാണ് ഗ്ലൗഡ് ധോണിയെ തടയാന്‍ കാരണം. അതുകൊണ്ടു തന്നെ വിജയം സ്വന്തമാക്കിയ ശേഷം സ്‌റ്റമ്പ് ഊരുന്ന ഹോബിയുള്ള എല്ലാ താരങ്ങള്‍ക്കും ഈ ശീലം തല്‍ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കേണ്ടി വരും.
2013ലെ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലാണ് എല്‍ഇഡി സ്‌റ്റമ്പുകള്‍ ആദ്യമായി ഉപയോഗിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശില്‍ നടന്ന ട്വന്റി20 ലോകകപ്പിലും ഐ.സി.സി ഇത് ഉപയോഗിച്ചു. പരീക്ഷണം വിജയിച്ചതോടെ എല്‍.ഇ.ഡി സ്‌റ്റമ്പുകള്‍ ലോകകപ്പിലും ഉപയോഗിക്കാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. എക്കര്‍മനാണ് എല്‍.ഇ.ഡി സ്‌റ്റമ്പിന്റെ ഉപഞ്‌ജാതാവ്. മൂന്ന് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ഡേവിഡ് ലൈറ്റ്‌വുഡിന്റെ വാണിജ്യ പങ്കാളിത്തത്തോടെയാണ് എല്‍.ഇ.ഡി സ്‌റ്റമ്പ് പുറത്തിറക്കിയത്. പിന്നീട് ഈ ആശയം ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് സമര്‍പ്പിക്കുകയായിരുന്നു.
from kerala news edited
via IFTTT