Story Dated: Tuesday, March 3, 2015 02:24
അടിമാലി: നാടിനെ നടുക്കിയ അടിമാലി രാജധാനി ലോഡ്‌ജ് കൂട്ടക്കൊലക്കേസ് പ്രതികളിലൊരാള്‍ പിടിയില്‍. കര്‍ണാടക തുങ്കൂര്‍ സിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഹനുമന്ദപുര തോട്ടാപുര ഹനുമന്ത രായപ്പയുടെ മകന്‍ മഞ്‌ജുനാഥാണു (21) പിടിയിലായത്. മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തിയതു പണവും സ്വര്‍ണാഭരണങ്ങളും മോഷ്‌ടിക്കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ മൊഴി നല്‍കി.
രാജധാനി ലോഡ്‌ജ് നടത്തിപ്പുകാരനായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് മണലിക്കുടി നാച്ചി എന്നിവരാണു കൊല്ലപ്പെട്ടത്. ഫെബ്രുവരി 13-നായിരുന്നു സംഭവം. മഞ്‌ജുനാഥിന്റെ സഹോദരനുള്‍പ്പടെ രണ്ടുപേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. ഇവരും പോലീസ് വലയിലായതായി സൂചനയുണ്ട്. ഇവരെ ഉടന്‍ അറസ്‌റ്റു ചെയ്യുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് പറഞ്ഞു. പഴയ തുണി വാങ്ങാനാണ് ഇവര്‍ എത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മുമ്പ് പല പ്രാവശ്യം പഴയ തുണിത്തരങ്ങള്‍ വാങ്ങാനെത്തിയിട്ടുള്ള പ്രതികള്‍ അന്നും ഇതേ ലോഡ്‌ജിലായിരുന്നു താമസം. കൊല്ലപ്പെട്ട കുഞ്ഞുമുഹമ്മദിനെ അങ്കിളെന്നാണ് ഇവര്‍ വിളിച്ചിരുന്നത്. 2015 ജനുവരി എട്ടിനും ഇവര്‍ ഇവിടെ താമസിച്ചിരുന്നു. പിന്നീടു ഫെബ്രുവരി 11 നു രാത്രിയില്‍ ഇവര്‍ വീണ്ടും അടിമാലിയിലെത്തി. ഇവിടെ 302-ാം നമ്പര്‍ മുറിയെടുത്തു താമസിച്ചു. സംഘം പിറ്റേന്നു പകല്‍ കൂടുതലായി പുറത്തിറങ്ങിയില്ല. അടുത്തുള്ള ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങി കഴിച്ചു.
വൈകിട്ടു സമീപത്തെ വ്യാപാരസ്‌ഥാപനത്തില്‍നിന്ന് ആപ്പിള്‍ മുറിക്കാനെന്ന പേരില്‍ കത്തി വാങ്ങി. അന്നു രാത്രി പതിനൊന്നു മണിയ്‌ക്കുശേഷം മുറിയിലെ പൈപ്പ് ലീക്കാണെന്നു പറഞ്ഞു പ്രതി മഞ്‌ജുനാഥ് താഴത്തെ നിലയിലുള്ള ഹാളിലെത്തി അങ്കിളെന്നു വിളിച്ചു കുഞ്ഞുമുഹമ്മദിനെ 302-ാംനമ്പര്‍ മുറിയിലേക്കു കൊണ്ടുപോയി. ഇതിനിടെ ബാക്കി രണ്ടുപ്രതികള്‍ ചേര്‍ന്നു ജനാല കര്‍ട്ടനും ബെഡ്‌ഷീറ്റും കത്തി ഉപയോഗിച്ചു കീറി വച്ചിരുന്നു.
കുഞ്ഞുമുഹമ്മദ് പൈപ്പ് പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തി മൂവരും ചേര്‍ന്ന് മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. നിലത്തുവീണ ഇയാള്‍ക്ക് അനക്കമുള്ളതായി തോന്നിയതിനെ തുടര്‍ന്നു കൈകളും കാലുകളും വായും ബലമായി ബന്ധിച്ചു നീക്കി കിടത്തി. തുടര്‍ന്നു മുറി പുറത്തു നിന്നും പൂട്ടി ഒന്നാംനിലയിലെത്തി. ആദ്യ ഹാളില്‍ കട്ടിലില്‍ കിടന്നിരുന്ന ഐഷയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്നതിനിടെ പിടഞ്ഞു നിലത്തുവീണു.
നെറ്റി തറയിലിടിച്ചു ചോര വാര്‍ന്നെങ്കിലും ഇതിനിടെ മരണം ഉറപ്പാക്കി ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് അടുത്ത മുറിയിലെത്തി. ഇവിടെ കട്ടിലില്‍ കിടന്നിരുന്ന വൃദ്ധയായ നാച്ചിയെയും സമാന രീതിയില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ ഊരിയെടുത്തു. തൊട്ടടുത്ത ബാത്ത്‌റൂമില്‍ കയറി കൈകള്‍ കഴുകിയശേഷം മുകളിലത്തെ മുറിയുടെ താക്കോല്‍ ക്ലോസറ്റില്‍ ഉപേക്ഷിച്ചു.
ഐഷയെ കൊന്ന മുറിയില്‍ പരിശോധന നടത്തി കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയും രണ്ടിടത്തായി ഇരുന്ന രണ്ടു മൊബൈല്‍ ഫോണുകളും പ്രതികള്‍ കൈക്കലാക്കി. മുറിയില്‍ നിന്നും താഴെയെത്തി മൂന്നാര്‍ ഭാഗത്തേക്കു മൂവരും നടന്നുപോയി. വ്യാപാര സ്‌ഥാപനങ്ങളുടെ പിന്നില്‍ പോയിരുന്നു സിഗരറ്റ് വലിച്ച് ഏതാനും സമയം വിശ്രമിച്ചു.
തുടര്‍ന്നാണു തിരികെ ടൗണിലെത്തി വിവാഹം ഉറപ്പിച്ചതായും അതിനാല്‍ പോകണമെന്നും മഞ്‌ജുനാഥിന്റെ സഹോദരന്‍ മലയാളത്തില്‍ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ച് ആലുവയ്‌ക്കും അതുവഴി തൃശൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും രക്ഷപ്പെട്ടത്.
അടിമാലി സി.ഐ. സജി മര്‍ക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.വി. ഉലഹന്നാന്‍, സജി എന്‍. പോള്‍, സി.ആര്‍. സന്തോഷ്, സി.പി.ഒ: എം.എം. ഫൈസല്‍, ഹോംഗാര്‍ഡ് സജീവ് എന്നിവരടങ്ങിയ സംഘമാണ് ഒരാഴ്‌ചയോളം ബംഗളുരുവില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
from kerala news edited
via IFTTT