Story Dated: Tuesday, March 3, 2015 01:59
കല്‍പ്പറ്റ: വ്യാജ വികലാംഗരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നതിന് ജില്ലയില്‍ ഒരു മുതിര്‍ന്ന രാഷ്‌ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി ഡി.എ.ഡബ്ല്യു.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് രാഷ്‌ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആളുകളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകികയറ്റാന്‍ ശ്രമിക്കുന്നത്. രാഷ്‌ട്രീയ നേതാവിന്റെ ബന്ധുക്കള്‍ക്ക് വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി മേടിച്ചു നല്‍കിയതായി അറിയാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. ഇതിനെതിരെ ശക്‌തമായി പ്രതികരിക്കും. ഇതുസംബന്ധിച്ച് സംഘടന അന്വേഷണം നടത്തിവരികയാണ്.
ഭിന്നശേഷിക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ക്ഷേമപ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ജോലി അവിഹിതമായി തട്ടിയെടുത്ത വ്യാജ വികലാംഗര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഭിന്നശേഷിക്കാര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഈമാസം അഞ്ചിന് കലക്‌ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡി.എ.ഡബ്ല്യു.എഫ് നേതാക്കള്‍ അറിയിച്ചു. നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഇന്നും സര്‍ക്കാര്‍ സര്‍വീസില്‍ വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധിപേര്‍ ജോലി ചെയ്യുകയാണ്.
ചില ഡോക്‌ടര്‍മാരുടെ ഒത്താശയോടെയാണ് ഇല്ലാത്ത പരിമിതികള്‍ കാണിച്ച് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുന്നത്. ഇതിനായി ഒരു ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇത്തരത്തില്‍ ജോലി തരപ്പെടുത്തിയവരുടെ വ്യക്‌തമായ വിവരം സര്‍ക്കാരിന് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതുമൂലം അര്‍ഹരും അവശതയനുഭവിക്കുന്നവരുമായ നിരവധിപേര്‍ ദുരിതമനുഭിക്കുകയാണ്. ജില്ലയില്‍ 25000ത്തോളം ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ ആറായിരത്തോളം പേര്‍ ആദിവാസി വിഭാനത്തില്‍പ്പെട്ടവരാണ്.
ഭൂരിഭാഗം ഭിന്നശേഷിക്കാരും സാമ്പത്തികമായി ദുര്‍ബലരുമാണ്. ബാങ്ക് വായ്‌പയടക്കം എടുത്ത് കാര്‍ഷിക വൃത്തിചെയ്‌ത് ഉപജീവനം നടത്തുന്നവരും ഏറെയുണ്ട്. എന്നാല്‍ വിലത്തകര്‍ച്ചയും വിളതകര്‍ച്ചയും മൂലം പ്രയാസത്തിലാണ് ഇവര്‍. ഈ സാഹചര്യത്തില്‍ ഇവരുടെ കുടുംബത്തിനുള്ള കടബാധ്യതകള്‍ എഴുതിതള്ളണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരെ ബി.പി.എല്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവുണ്ട്. എന്നാല്‍ പുതിയ റേഷന്‍കാര്‍ഡ് പുതുക്കലില്‍ ഇത് പരിഗണിക്കുന്നില്ല. 700 രൂപയാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഇത് 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നിലവിലെ ആനുകൂല്യം ഒരാഴ്‌ചത്തെ നിത്യവൃത്തിക്കുപോലും തികയുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. താല്‍ക്കാലിക സര്‍വീസില്‍ വരുന്ന ഭിന്നശേഷിക്കാരെ സ്‌ഥിരപ്പെടുത്തണം. തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി തൊഴിലും തൊഴില്‍ പരിശീലനവും നല്‍കുന്നതിനുള്ള സ്‌ഥാപനങ്ങള്‍ ആരംഭിക്കണം. തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങള്‍ വഴി നല്‍കുന്ന മുച്ചക്ര വാഹനങ്ങളും ഉപകരണങ്ങളും തീരെ ഗുണനിലവാരം പുലര്‍ത്തുന്നതല്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാവണം.
ഭിന്നശേഷിക്കാരുടെ ഗ്രാമസഭകള്‍ ചേരാനും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ തയ്യാറാവുന്നില്ല. നടത്തുന്നത് തന്നെ പ്രഹസനവുമാവുന്നു. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വീടും സ്‌ഥലവും നല്‍കുകയും അവരെ വീട്ട് നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.വി മോഹനന്‍, പ്രസിഡന്റ് സി.എച്ച് അഷ്‌റഫ്‌അലി, കെ.വി മത്തായി, കെ.പി ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT