Story Dated: Tuesday, March 3, 2015 01:59
പാലക്കാട്: ചരക്കു കടത്തുമ്പോഴുള്ള നികുതി ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഓണ്‍ലൈന്‍ ഡെലിവറി നോട്ട് സമ്പ്രദായത്തില്‍ കൂടുതല്‍ ഇളവ് വരുത്തി. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലുള്ള ഈ ഇളവ് നികുതി ഗുണം ചെയ്യുന്നത് വ്യാപാരികള്‍ക്കാണ്. സര്‍ക്കാരിനു നികുതിനഷ്‌ടം ഉറപ്പും.
പുതിയ ഉത്തരവ് പ്രകാരം മരം, കാര്‍ഷികോത്‌പന്നങ്ങളായ കുരുമുളക്, അടയ്‌ക്ക, ഏലം എന്നിവ കടത്താനും എഴുതിപൂരിപ്പിക്കുന്ന ഫോം നമ്പര്‍: 15(ഡിപ്പാര്‍ട്ട്‌മെന്റ് ഡെലിവറി നോട്ട്) ഉപയോഗിച്ചാല്‍ മതി. ഇക്കഴിഞ്ഞ 12 ന് വാണിജ്യനികുതി കമ്മീഷണര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മാനുവല്‍ ഡെലിവറി നോട്ട് സമ്പ്രദായത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2014 ഏപ്രില്‍ 26 മുതല്‍ ഓണ്‍ലൈന്‍ ഡെലിവറി നോട്ട് നിര്‍ബന്ധമാക്കിയത്. തുടക്കത്തില്‍തന്നെ റബറിനെയും സിമെന്റിനെയും ഇതില്‍നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ഓണ്‍ലൈന്‍ ഡെലിവറി നോട്ടിനെതിരെ തുകല്‍ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. കോടതി ഉത്തരവും ചില വ്യാപാര സംഘടനകളുടെയും ഡീലര്‍മാരുടെയും അപേക്ഷയും പരിഗണിച്ചാണ് കൂടുതല്‍ ചരക്കുകള്‍ക്ക് ഇളവ് നല്‍കി ഇപ്പോള്‍ ഉത്തരവിറക്കിയത്.
ചരക്കിന്റെ സ്വഭാവം, തൂക്കം, വാങ്ങിയ സ്‌ഥലം, എത്തിക്കുന്ന സ്‌ഥലം, തിയതി, സമയം, കടത്തുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തുടങ്ങി മുഴുവന്‍ വിവരങ്ങളും ഡെലിവറി നോട്ടില്‍ രേഖപ്പെടുത്തണം. സര്‍ക്കാര്‍ അച്ചടിച്ച് വാണിജ്യനികുതി വകുപ്പ് മുഖേന ഡീലര്‍മാര്‍ക്ക് നല്‍കുന്ന മാനുവല്‍ ഡെലിവറി നോട്ടില്‍ ഇരുവശവും പതിയാവുന്ന കാര്‍ബണ്‍ ഉപയോഗിച്ച് നാലുകോപ്പികളിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇതിന്റെ ഒറിജിനല്‍ ഡീലര്‍ക്ക് നല്‍കും. രണ്ടാമത്തെ പകര്‍പ്പ് ചരക്കിനൊപ്പം നിബന്ധമായും വാഹനത്തില്‍ സൂക്ഷിക്കണം.
എന്നാല്‍ വാഹനം വാണിജ്യ നികുതി സ്‌ക്വാഡിന്റെ പരിശോധനയ്‌ക്ക് വിധേയമായില്ലെങ്കില്‍ അതേ ഡെലിവറി നോട്ട് ഉപയോഗിച്ച് വീണ്ടും ചരക്കു കടത്തുന്നതായാണ് കണ്ടെത്തല്‍. ഫോം പൂരിപ്പിക്കുമ്പോള്‍ തിയതിയും സമയവും എഴുതാതെയാണ് തട്ടിപ്പ്. വഴിയില്‍ സ്‌ക്വാഡിനെ കണ്ടാല്‍ മാത്രം ഇത് എഴുതിചേര്‍ക്കും. ഇല്ലെങ്കില്‍ പുസ്‌തകത്തില്‍ നിന്നും കീറാതെ അതേപടി സൂക്ഷിച്ച് വീണ്ടും അതേ ഡെലിവറി നോട്ടില്‍ ചരക്ക് കടത്തും. എഴുതിയ തിയതിയും സമയവും തിരുത്തിയും വീണ്ടും ഉപയോഗിച്ചുള്ള വെട്ടിപ്പും ഉണ്ട്. ഓണ്‍ലൈന്‍ ഡെലിവറി നോട്ട് നിര്‍ബന്ധമായതോടെ സ്‌റ്റീല്‍ പോലെയുള്ളവ കടത്തുന്നതില്‍ നികുതി വര്‍ധനവുണ്ടായെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.
എന്‍. രമേഷ്
from kerala news edited
via IFTTT