Story Dated: Tuesday, March 3, 2015 05:27
ചങ്ങനാശേരി: സമര ചരിത്രങ്ങള്‍ ബാക്കിയാക്കി അഡ്വ. കെ.ജെ.ജോണ്‍ വിടചൊല്ലി. കോണ്‍ഗ്രസ് -കേരളകോണ്‍ഗ്രസ് പ്രസ്‌ഥാനങ്ങളുടെ ആദ്യകാല നേതാവും പ്രമുഖ അഭിഭാഷകനും ഗാന്ധിവിചാര വേദി സംസ്‌ഥാന അധ്യക്ഷനുമായ ജോണിന്റെ വേര്‍പാടോടെ ചങ്ങനാശേരിക്കു നഷ്‌ടമാകുന്നത് ചരിത്ര ഓര്‍മകളാണ്. ജീവിതത്തിന്റെ താളുകളില്‍ അദ്ദേഹം കുറിച്ചിട്ട നിര്‍ഭയത്വവും അഭിപ്രായ പ്രകടനങ്ങളിലെ തുറന്ന സമീപനവും അഡ്വ. കെ.ജെ ജോണിനെ എന്നും വ്യസ്‌തനാക്കിയിരുന്നു. പൊതുരംഗത്ത് അദ്ദേഹം ഒട്ടേറെ വിസ്‌മയങ്ങള്‍ ആവിഷ്‌കരിക്കുകയും ആദരവുകള്‍ നേടുകയും ചെയ്‌തിരുന്നു.
തുരുത്തി ഗവ.എല്‍.പി സ്‌കൂള്‍, സെന്റ് മേരീസ് എല്‍.പി.എസ്, ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1954 ല്‍ ചങ്ങനാശേരി എസ്.ബി കോളേജില്‍ നിന്നും ജന്തുശാസ്‌ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം ലോ കോളേജില്‍ നിന്നും എഫ്.എല്‍.ബിരുദവും 1958ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് ബി.എല്‍. ബിരുദവും നേടി. ബാര്‍ കൗണ്‍സില്‍ പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി. സ്‌റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകന്‍ കെ.ടി തോമസിനൊപ്പം ഹൈക്കോടതിയിലാണ് പ്രാക്‌ടീസ് ആരംഭിച്ചത്.
1964 ല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1988ല്‍ വിരമിച്ചുവെങ്കിലും അഭിഭാഷകനായും പൊതുരംഗത്ത് ഗാന്ധി വിചാര വേദിയുടെ സംസ്‌ഥാന അദ്ധ്യക്ഷനായും അദ്ദേഹം മികച്ച നേതൃത്വം നല്‍കി. 1958ല്‍ തുടങ്ങിയ ഫെറി സമരത്തില്‍ മുന്‍ നിരക്കാരനായിരുന്നു ജോണ്‍. സുപ്രധാനമായ ഒരണ സമരത്തിന്റെ മുഖ്യ ശില്‌പിയും ജോണായിരുന്നു.1958 മുതല്‍ 64 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജില്ലാ സംസ്‌ഥാന തലങ്ങളില്‍ ഭാരവാഹിത്വം വഹിച്ച അദ്ദേഹം വിവിധ മേഖലകളില്‍ ട്രേഡ് യൂണിയനുകള്‍ക്ക് തുടക്കം കുറിച്ചു.
പി.ടി. ചാക്കോയുടെ വിശ്വസ്‌തതനായിരുന്ന അദ്ദേഹം കേരള കോണ്‍ഗ്രസ് രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1962 ല്‍ അമരാവതി കുടിയിറക്കിനെതിരായി എ.കെ.ജി, ഫാ. വടക്കന്‍ എന്നിവര്‍ക്കൊപ്പം സമര രംഗത്ത് നിലയുറപ്പിച്ചു. പ്രശസ്‌തനായ അഭിഭാഷകന്‍ എന്ന നിലയില്‍ നല്‍കിയ സേവനങ്ങളെ ആദരിച്ച് അദേഹത്തിന് ചങ്ങനാശേരി പൗരാവലിയും ബാര്‍ അസോസിയേഷനും ചേര്‍ന്ന് ആദരവ് അര്‍പ്പിച്ചിരുന്നു.
ജോണിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, സി.എഫ്.തോമസ് എം.എല്‍.എ, ജലസേചന മന്ത്രി പി.ജെ. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, എം.പിമാരായ ജോസ് കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്‌ബാല്‍, സി.എഫ്. തോമസ് എം.എല്‍.എ. എന്നിവര്‍ അനുശോചിച്ചു.
from kerala news edited
via IFTTT