Story Dated: Tuesday, March 3, 2015 05:25
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധികള്‍ പരിഹരിച്ച് ജോലി തുടങ്ങണമെന്നാവശ്യപ്പെട്ട് ഇന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് വളയും. പഞ്ചായത്തില്‍ മാസങ്ങളായി തൊഴിലുറപ്പ് പ്രവര്‍ത്തനം നടക്കുന്നില്ല. ഒക്‌ടോബര്‍ മാസത്തില്‍ ജോലി ചെയ്‌തവര്‍ക്ക് നാളിതുവരെ കൂലിയും ലഭിച്ചിട്ടില്ല. ജോലി ചെയ്‌ത് പതിനാല് ദിവസത്തിനുള്ളില്‍ കൂലി നല്‍കണമെന്നാണ് നിയമം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ത്യാഗരാജന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ തൊഴിലുറപ്പ് അക്രഡിറ്റഡ് ജീവനക്കാര്‍ രാജിവച്ചിരുന്നു.
നിയമാനുസൃതമല്ലാതെയും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലാതെയും പുതിയ ജീവനക്കാരെ നിയമിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ഈ സാമ്പത്തികവര്‍ഷം ജോലി തുടങ്ങിയത് ആഗസ്‌റ്റ് മാസത്തിലാണ്. പൊതുമസ്‌റ്ററോള്‍ സമ്പ്രദായത്തിലൂടെ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന് പ്രസിഡന്റായിരുന്ന ത്യാഗരാജന്‍ വാശിപിടിച്ചതിനാലാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തൊഴിലുറപ്പ് ഓംബുഡ്‌സ്‌മാന് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പൊതുമസ്‌റ്ററോള്‍ സമ്പ്രദായം നിര്‍ത്തിവെയ്‌ക്കണമെന്നും വാര്‍ഡുതലത്തില്‍ തൊഴില്‍ നല്‍കണമെന്നും വിധി പ്രസ്‌താവിച്ചിരുന്നു.
പഴയ ജീവനക്കാരെ തിരിച്ചെടുത്ത് ജോലി തുടങ്ങണമെന്ന് പഞ്ചായത്തിന്റെ കമ്മിറ്റികളില്‍ തീരുമാനമായതാണ്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഏതാനം നാളുകള്‍ മാത്രമുള്ളപ്പോള്‍ തൊഴില്‍ നല്‍കുന്നില്ലെങ്കില്‍ തൊഴിലില്ലായ്‌മ വേതനം നല്‍കണമെന്നും ചെയ്‌ത തൊഴിലിലെ കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നാളെ വിവിധ വാര്‍ഡുകളിലെ തൊഴിലാളികള്‍ രാഷ്‌ട്രീയത്തിന് അതീതമായി പഞ്ചായത്ത് വളയല്‍ സമരം നടത്തുന്നത്.
കിഴക്കേ വാര്‍ഡുകളിലെ തൊഴിലാളികള്‍ പറവൂര്‍ സ്‌കൂളിന്റെ സമീപത്തുനിന്നും പടിഞ്ഞാറേ വാര്‍ഡുകളിലെ തൊഴിലാളികള്‍ ഐ.എം.എസ്. ജംഗ്‌ഷനില്‍ നിന്നു റാലിയായി പഞ്ചായത്ത് പടിക്കലെത്തും. പഞ്ചായത്ത് പടിക്കല്‍ നടക്കുന്ന സമരം പഞ്ചായത്തംഗം പി. എം. ജോസി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്തംഗം കെ.ആര്‍. വിമല്‍കുമാര്‍ അധ്യക്ഷതവഹിക്കും. മെമ്പര്‍മാരായ കെ. മണിയമ്മ, സി.ആര്‍.ദിലീപ്, മിനി എബ്രഹാം, കെ. ശാന്തമ്മ, എല്‍സബത്ത് ജോയി എന്നിവര്‍ പ്രസംഗിക്കും.
from kerala news edited
via IFTTT