Story Dated: Tuesday, March 3, 2015 01:58
രാമനാട്ടുകര: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. പോലീസുകാരന്റെ രൂക്ഷപ്രതികരണമാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഇന്നലെ നിസരി ജംഗ്‌ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടതാണ് നാടകീയസംഭവങ്ങള്‍ക്ക് കാരണമായത്.
അപകടം ഉണ്ടായ സ്‌ഥലത്തിനു സമീപം വിദ്യാഭ്യാസ മന്ത്രി അബ്‌ദു റബ്ബിന് എക്‌സ്കോര്‍ട്ട് പേകാനായി കാത്തുനിന്ന മലപ്പുറം ജില്ലയിലെ പോലീസുകാരനാണ് നാട്ടുകാരോട് രോഷാകുലനായതായി ആക്ഷേപമുയര്‍ന്നത്. ഇവരുടെ പോലീസ് വാഹനം നിര്‍ത്തിയിട്ട ഒരു വിളിപ്പാടകലെയാണ് അപകടം നടന്ന സ്‌ഥലം. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ കിടന്നപ്പോള്‍ ആംബുലന്‍സ് വിളിക്കണമെന്ന് അഭ്യര്‍ത്ഥിച്ച നാട്ടുകാരോട് ഇത് ഞങ്ങളുടെ ജോലിയല്ലെന്നും ഞങ്ങള്‍ മന്ത്രിക്കു എസ്‌കോര്‍ട്ട് പോകാനായി കാത്തു നില്‍ക്കുകയാണെന്നും ഇയാള്‍ പറഞ്ഞത്രേ.
ഇതില്‍ രോഷം പൂണ്ട നാട്ടുക്കാര്‍ ഉടനെ ദേശീയപാത ഉപരോധിക്കുകയായിരുന്നു.എന്നാല്‍ അപകടം നടന്ന ഉടന്‍ മലപ്പുറം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും മറ്റു വേണ്ട നടപടികള്‍ എടുക്കുകയുംചെയ്‌തതായി പോലീസ് ഉദ്യോഗസ്‌ഥന്‍ പറയുന്നു. അപകടം കഴിഞ്ഞ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണു ആംബുലന്‍സ് എത്തി മൃതദേഹം റോഡില്‍ നിന്ന് മാറ്റിയത്. റോഡില്‍ ഒഴുകിയ രക്‌തവും മറ്റും കഴുകികളയാന്‍ ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയതും നാട്ടുകാരെ ക്ഷുഭിതരാക്കി.
ഫയര്‍ഫോഴ്‌സ് എത്തി റോഡു വൃത്തിയാക്കും വരെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കോഴിക്കോട് സിറ്റി ട്രാഫിക് എ.സി.അബ്‌ദു റസാഖ്,സൗത്ത് എ.സി.എ.ജെ.ബാബു ,ട്രാഫിക് ,നല്ലളം,ഫറോക്ക് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ എത്തിയാണ് സ്‌ഥിതി ശാന്തമാക്കിയത്.ഇതിനിടെ അപകടത്തില്‍പ്പെട്ട ബസിന്റെ ചില്ല് നാട്ടുകാര്‍ എറിഞ്ഞുടച്ചു.
മമ്പുറം പള്ളിയില്‍ പോയി തിരിച്ചു വരികയായിരുന്നു അപകടത്തില്‍ മരിച്ച ആക്കോട് പാറക്കണ്ടി അബ്‌ദുറഹിമാന്‍(50) കൂടെയുണ്ടായിരുന്ന സുഹൃത്ത് നടുക്കണ്ടി മുഹമ്മദ്(45)ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.ഇദ്ദേഹത്തിനു നിസാര പരുക്കുണ്ട്. ഒരു മാസം മുന്‍പാണ് ഇന്നലെ അപകടമുണ്ടായ സ്‌ഥലത്തിനു നൂറു മീറ്റര്‍ അകലെ ഇടിമൂഴിക്കല്‍ ഇറക്കത്തില്‍ ദമ്പതികള്‍ ലോറി ഇടിച്ചു മരിച്ചത്.
from kerala news edited
via IFTTT