അബുദാബി: ഫ്രണ്ട്‌സ് എ.ഡി.എം.എസ്. അബുദാബി സംഘടിപ്പിക്കുന്ന ചിറയന്‍കീഴ് അന്‍സാര്‍ അനുസ്മരണവും 2014-2015 വര്‍ഷത്തെ അന്‍സാര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും വ്യാഴാഴ്ച രാത്രി എട്ടിന് മലയാളിസമാജത്തില്‍ നടക്കും. 2014-ലെ അന്‍സാര്‍ സ്മാരക എന്‍ഡോവ്‌മെന്റ് തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ശാന്തി' സ്‌പെഷ്യല്‍ സ്‌കൂളിനും 2015-ലെ എന്‍ഡോവ്‌മെന്റ് കോഴിക്കോട് ചേമഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'അഭയം' എന്ന സംഘടനയ്ക്കുമാണു നല്‍കുക. അംഗവൈകല്യം ബാധിച്ച നൂറോളം നിര്‍ധനരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍. അധ്യാപകനും സാമൂഹികപ്രവര്‍ത്തകനുമായ ബാലകൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മാനസികവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുകയും അവരുടെ വ്യത്യസ്തമായ കഴിവുകള്‍ വികസിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലണിനിരത്തുകയും ചെയ്യുകയെന്ന ദൗത്യം ഏറ്റെടുത്തു നടപ്പാക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഭയം. 2002-ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇരുനൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. അവാര്‍ഡ് കമ്മറ്റി അംഗങ്ങളായ പാലോട് രവി എം.എല്‍.എ., കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, മലയാളം മിഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ എന്നിവരാണ് ഈ രണ്ടു സംഘടനകളെയും തിരഞ്ഞെടുത്തത്.
ചടങ്ങിനോടനുബന്ധിച്ച് 110 മണിക്കൂറിലധികം തുടര്‍ച്ചയായി ഗാനമാലപിച്ച് ഗിന്നസ് റെക്കോഡ് പ്രകടനം കാഴ്ചവെച്ച സുധീര്‍ പറവൂരിനെ 2015-ലെ മുഗള്‍ ഗഫൂര്‍ മെമ്മോറിയല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും. പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമപോരാട്ടം നടത്തി വിജയിച്ച ഡോ. ഷംസീര്‍ വയലിനെയും ചടങ്ങില്‍ ആദരിക്കുമെന്ന് ഫ്രണ്ട്‌സ് എ.ഡി.എം.എസ്. പ്രതിനിധികള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ രക്ഷാധികാരി ടി.എ. നാസര്‍, പ്രസിഡന്റ് പി.കെ. ജയരാജ്, സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, സംഘാടകസമിതി സെക്രട്ടറി ഷിബു, വൈസ് പ്രസിഡന്റുമാരായ ഇ.പി. മജീദ്, ബാബു വടകര എന്നിവര്‍ പങ്കെടുത്തു.