Story Dated: Wednesday, March 18, 2015 05:18
ബംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ രേഖയെന്ന 20കാരി നിയമത്തിന്റെ കാരുണ്യം തേടുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ശരീരത്തിന്റെ 90 ശതമാനവും പൊള്ളിനശിച്ച യുവതിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് തെളിവില്ലെന്നാരോപിച്ച് നഷ്‌ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുകയാണ് അധികാരികള്‍.
സ്‌ത്രീ സംരക്ഷണത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന രാഷ്‌ട്രിയക്കാര്‍ക്കും സ്‌ത്രീക്ക് എല്ലാ സംരക്ഷണവും വാഗ്‌ദാനം ചെയ്യുന്ന നിയമ വ്യവസ്‌തയ്‌ക്കും മുമ്പില്‍ ചോദ്യചിഹ്നമാകുകയാണ് ഒരു കുട്ടിയുടെ അമ്മകൂടിയായ രേഖ. കാരണം സമാധാനപൂര്‍ണമായ ഒരു കുടുംബ ജീവിതം മാത്രം ആഗ്രഹിച്ച് ഭര്‍ത്താവിനൊപ്പം ഇറങ്ങിത്തിരിച്ച ഈ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് സഹനത്തിന്റെ നാളുകളായിരുന്നു.
രേഖയ്‌ക്ക് ഭര്‍ത്താവായി വിനീതിനെ കണ്ടെത്തി നല്‍കിയത് പെണ്‍കുട്ടിയുടെ കുടുംബം തന്നെയാണ്. വിവാഹത്തിനു ശേഷം വിനീതിനൊപ്പം ഇയാളുടെ വീട്ടിലെത്തിയ രേഖ വളരെ വൈകിയാണ് തന്റെ ഭര്‍ത്താവ് മദ്യത്തിനടിമയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ദിവസവും മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് രേഖയെ മര്‍ദിക്കുന്നത് പതിവായി.
മര്‍ദനം തുടര്‍ന്നതോടെയാണ് ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് സ്വന്തം നാടായ ഹാവേരിയിലേക്ക് മടങ്ങാന്‍ രേഖ തീരുമാനിക്കുന്നത്. എന്നാല്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തന്റെ കൈകൊണ്ട് നീ കൊല്ലപ്പെടുമെന്ന ഭീഷണിയുമായി ഭര്‍ത്താവ് വിനീത് രംഗത്തെത്തി. ആദ്യം ഭീഷണിക്ക് വഴങ്ങിയെങ്കിലും രണ്ടരവയസുകാരി മകളുടെ ഭാവിയോര്‍ത്ത് രേഖ സ്വന്തം വീട്ടില്‍ അഭയം തേടി.
2013 ഒക്‌ടോബര്‍ രണ്ടിനാണ് രേഖയുടെ ജീവിതത്തിലെ നല്ലനിമിഷങ്ങള്‍ക്ക് അറുതിവരുത്തിയ സംഭവം. തന്റെ വാക്കു ധിക്കരിച്ചതില്‍ ക്ഷുഭിതനായ വിനീത് രേഖയുടെ വീട്ടില്‍ അതിക്രമിച്ചു കയറി. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന രേഖയുടെ മുഖത്ത് ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഒഴിച്ചു. സഹായത്തിനായി കരഞ്ഞ രേഖയെ രക്ഷിക്കാന്‍ തയ്യാറാകാതെ വിനീത് തന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന ബാക്കി ആസിഡും അവരുടെ ശരീരത്തിലൊഴിച്ചു.
ആക്രമണത്തില്‍ രേഖയുടെ ശരീരത്തിന്റെ തൊണ്ണുറു ശതമാനവും പൊള്ളി നശിച്ചിരുന്നു. ഇതിനിടയില്‍ മകളുടെ വിധിയില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയതോടെ രേഖ പെരുവഴിയിലുമായി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പിന്നീടാണ് രേഖ ഗര്‍ഭിണി ആണെന്ന് കണ്ടെത്തിയത്. പക്ഷേ ആസിഡ് ആക്രമണത്തിന്റെ ആഘാതത്തില്‍ ഇവരുടെ ഗര്‍ഭം അലസിയിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന യുവതിയുടെ ചികിത്സയും താളം തെറ്റി.
തുടര്‍ ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചതോടെ രേഖയുടെ മുറിവുകള്‍ പഴുത്തു തുടങ്ങി. ആസിഡ് ആക്രമണത്തില്‍ ഇവരുടെ ഗര്‍ഭപാത്രത്തിനും കരളിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെട്ടതോടെ രേഖയ്‌ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിറക്കി. എന്നാല്‍ ആസിഡ് ആക്രമണം നടന്നതിന് വ്യക്‌തമായ തെളിവുകളും സാക്ഷികളുമില്ലെന്നാണ് അധികൃതരുടെ വാദം. മുഖവും ശരീരത്തിന്റെ പൂരിഭാഗവും പൊള്ളിനശിച്ച താന്‍ ആക്രമണം നടന്നതിന് മറ്റെന്ത് തെളിവാണ് നല്‍കേണ്ടതെന്ന സംശയത്തിലാണ് ഈ 20കാരി.
from kerala news edited
via IFTTT