Story Dated: Wednesday, March 18, 2015 05:04
തിരുവനന്തപുരം : ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഇന്നുചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമായി. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.പി തങ്കച്ചന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനവും ആവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് 26 ന് യു.ഡി.എഫിന്റെ വിപുലമായ വിശദീകരണയോഗങ്ങള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. സഭയില്‍ നടന്നത് പ്രതിപക്ഷത്തിന്റെ പേക്കൂത്തുകളാണെന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് സഭയില്‍ അരങ്ങേറിയതെന്നും പി.പി. തങ്കച്ചന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് കാട്ടിക്കൂട്ടിയ പ്രവര്‍ത്തികളെ യി.ഡി.എഫ് യോഗം ശക്‌തമായി അപലപിച്ചു. കേരളത്തില്‍ മാത്രമല്ല ഒരു നിയമസഭയിലും സീപ്‌ക്കറുടെ ഡയറില്‍ കയറുകയും അദ്ദേഹത്തെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നുവരെ ഉണ്ടായിട്ടില്ല. നിയമസഭയില്‍ ഉണ്ടായ സംഭവത്തില്‍ ലജ്‌ജിച്ചു തലതാഴ്‌ത്തുന്നുവെന്നും ഇനി ഒരിടത്തും ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ തൊലിക്കട്ടിയ്‌ക്കു മുന്നില്‍ കാണ്ടാമൃഗം പോലും തോറ്റുപോകുമെന്നും അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറിയ ശേഷവും യാതൊരു മടിയും കൂടാതെ പ്രതിപക്ഷാംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു. യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ ഒരു അബ്‌കാരി കോണ്‍ട്രാക്‌ടര്‍ മുന്നോട്ടുവെച്ച ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ ഒരു മന്ത്രി രാജിവയ്‌ക്കണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT