മൈസൂരുവിലെ രാജമാര്‍ഗം നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം
Posted on: 18 Mar 2015
മൈസൂരു:
മൈസൂരു കൊട്ടാരത്തിനു ചുറ്റുമുള്ള രാജമാര്‍ഗം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. സര്‍ക്കാറിനോട് അനുവാദം വാങ്ങിക്കാതെയും പലവട്ടം പൊളിച്ചുപണിതും 26 കോടി രൂപ നഷ്ടമായതായി കോര്‍പ്പറേറ്റര്‍ നന്ദിഷ് പ്രീതം ആരോപിച്ചു. ഇതുസംബന്ധിച്ച് ലോകായുക്തയ്ക്ക് നന്ദിഷ് പരാതി നല്‍കി. മൈസൂരു കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷ ഗുപ്ത, നിലവിലെ കമ്മീഷണര്‍ ബി.എസ്. ബെന്‍സൂര്‍മത് എന്നിവര്‍ക്കെതിരെയാണ് പരാതി. നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് കരാറില്‍ പറഞ്ഞിരിക്കുന്നതിലധികം തുക നല്‍കിയതായും ആരോപണമുണ്ട്.
മൈസൂരു കൊട്ടാരത്തിനുചുറ്റുമുള്ള പാതയ്ക്കു സമീപമാണ് മൂന്നുകിലോമീറ്ററോളം നീളമുള്ള രാജമാര്‍ഗം നിര്‍മിച്ചത്. ഇവിടെ നേരത്തേ കരിങ്കല്‍ പാകിയ രാജമാര്‍ഗമുണ്ടായിരുന്നെങ്കിലും അതെല്ലാം പൊളിച്ചുനീക്കി ടൈലിടുകയും കൈവരികള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ആരംഭിച്ച ജോലികള്‍ ഇതേവരെ അവസാനിച്ചിട്ടുമില്ല. എന്നാല്‍, രാജമാര്‍ഗ്ഗം പലവട്ടം പൊളിക്കുകയും, വീണ്ടും പണിയുകയും ചെയ്തതിനാല്‍ സര്‍ക്കാറിന് 26 കോടി നഷ്ടമാവുകയായിരുന്നുവെന്നാണ് ആരോപണം. അശാസ്ത്രീയമായ രീതിയില്‍ ശരിയായ ആസൂത്രണമില്ലാതെ നിര്‍മാണം നടത്തിയതിനാലാണ് നഷ്ടമുണ്ടായത്. ജോലികള്‍ നിയന്ത്രിക്കേണ്ടിയിരുന്ന ബെന്‍സൂര്‍മതും ഹര്‍ഷഗുപ്തയും ഇതില്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തിയത്. സര്‍ക്കാറിന്റെ അംഗീകാരം വാങ്ങാതെ കരാറുകാരന് കൂടുതല്‍ തുക അനുവദിച്ചും നല്‍കി. ജനങ്ങളുടെ പണം നഷ്ടപ്പെടുത്തിയ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, തങ്ങളുടെ പക്ഷത്തുനിന്ന് ഒരു അലംഭാവവും രാജമാര്‍ഗ നിര്‍മാണത്തിലുണ്ടായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. ചട്ടങ്ങള്‍ക്കു വിധേയമായി തന്നെയാണ് രാജമാര്‍ഗം നിര്‍മിച്ചതും തുക അനുവദിച്ചതും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കി.
92
ഇനിയും പണി പൂര്‍ത്തിയാകാത്ത മൈസൂരുവിലെ രാജമാര്‍ഗം
from kerala news edited
via IFTTT