121

Powered By Blogger

Wednesday, 18 March 2015

പുത്തൂര്‍ സഹകരണ ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌; സഹകരണവകുപ്പ്‌ പ്രതികൂട്ടില്‍











Story Dated: Wednesday, March 18, 2015 03:09


ഒല്ലൂര്‍: പുത്തൂര്‍ സഹകരണബാങ്ക്‌ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സഹകരണ ബാങ്ക്‌ ജോ. രജിസ്‌ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പ്രഹസനമായി മാറി. ബാങ്ക്‌ പ്രസിഡന്റായിരുന്ന സുരേഷ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ 2002 മുതല്‍ നല്‍കിയ വായ്‌പകളില്‍ ഗുരുതരമായി ക്രമക്കേടുകളും തട്ടിപ്പും അഴിമതിയും മുന്‍പേതന്നെ നടത്തിയ അന്വേഷണങ്ങളില്‍ പുറത്തുവന്നിട്ടുള്ളതാണ്‌.


എന്നാല്‍ ഈ അഴിമതികളുടെ ആവര്‍ത്തനമാണ്‌ ജോ. രജിസ്‌ട്രാര്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്‌. 2010 മുതല്‍തന്നെ സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണങ്ങളില്‍ കൂടുതലായൊന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. 2002 മുതല്‍ സംഘത്തിന്റെ അറ്റനഷ്‌ടം 27 കോടിയായി എന്ന വെളിപ്പെടുത്തലും ഈ റിപ്പോര്‍ട്ടിലുണ്ട്‌. 2012-13 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റനുസരിച്ച്‌ 27 കോടിയുടെ അറ്റനഷ്‌ടം ബാങ്കിനുണ്ട്‌.


2010-11 മുതല്‍ 2012-13 വരെയുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ടുകളും സുരേഷ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ നിലവിലുണ്ടായിരുന്ന വിവിധ ഭരണസമിതികള്‍, മുന്‍ ബാങ്ക്‌ സെക്രട്ടറി, ബ്രാഞ്ച്‌ മാനേജര്‍, വായ്‌പാ വിഭാഗം മാനേജര്‍, പോള്‍സണ്‍ എന്ന ആധാരമെഴുത്തുകാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാജരേഖകള്‍ ചമച്ച്‌ നടത്തിയ വിവിധ ക്രിമിനല്‍ കുറ്റങ്ങളുടെ വിശദാംശങ്ങളുണ്ട്‌.


റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ 2010-ല്‍ തന്നെ സഹകരണ രജിസ്‌ട്രാറുടെ നിര്‍ദ്ദേശമനുസരിച്ച്‌ സഹകരണ വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ സി.വി. സുരേന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്‌ 2011ല്‍ സമര്‍പ്പിച്ചിരുന്നു. വ്യാജരേഖകള്‍ ചമച്ച്‌ തട്ടിപ്പ്‌ മുതല്‍ സംഘത്തിനു സാമ്പത്തിക ബാധ്യത വരുത്തിവച്ച എല്ലാ ക്രമക്കേടുകളും ശരിയാണെന്ന്‌ സഹകരണ വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടറും തന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

ബാങ്ക്‌ നല്‍കിയ വായ്‌പകളില്‍, ബാങ്കില്‍ സൂക്ഷിക്കേണ്ട അസല്‍ ആധാരം, കരം അടച്ച വിശദാംശങ്ങള്‍, കുടികടം മുതലായ രേഖകള്‍, പല വായ്‌പാ അപേക്ഷകള്‍ക്കൊപ്പം ഇല്ലായിരുന്നു.


ഈടുവസ്‌തുവിനെപ്പറ്റിയുള്ള വിവരങ്ങളോ ഭരണസമിതി അംഗങ്ങള്‍ പണയ വസ്‌തുക്കള്‍ പരിശോധിച്ച റിപ്പോര്‍ട്ടോ, നിയമോപദേശം തേടിയ റിപ്പോര്‍ട്ടോ ഒന്നുംതന്നെ ബാങ്കിലില്ല. ആധാരമെഴുത്തുകാരനായ പോള്‍സണ്‍ നല്‍കിയ പണയാധാരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ലോണ്‍ അനുവദിച്ചത്‌. ഈ നമ്പറും വ്യാജമെന്ന്‌ കണ്ടെത്തിയിരുന്നു.


സുരേഷ്‌ കാക്കനാട്ട്‌ നേരിട്ട്‌ വസ്‌തു ഒഴിമുറി നല്‍കി തട്ടിപ്പ്‌ നടത്തിയതും ഈ അന്വേഷണത്തില്‍ പുറത്തുവന്നു. ഈ വസ്‌തു രജിസ്‌റ്റര്‍ ചെയ്യാതെ സുരേഷ്‌ കാക്കനാട്ട്‌ തന്നെ സ്വന്തമാക്കുകയായിരുന്നു. 2002 മുതല്‍ തന്നെ നടത്തിയിരുന്ന ഈ അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം നിലനില്‍ക്കുമ്പോഴാണ്‌ ജോയിന്റ്‌ രജിസ്‌ട്രാര്‍ പുതിയ അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌. അതേകാലത്ത്‌ നിലവിലുണ്ടായിരുന്ന ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും യാതൊരുവിധ ശിക്ഷയും നല്‍കാന്‍ ഉതകുന്നതല്ല ഈ റിപ്പോര്‍ട്ട്‌.

ബാങ്കിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യതയും പ്രവര്‍ത്തനത്തില്‍ കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന നടപടികളാണ്‌ സഹകരണ വകുപ്പില്‍ നിന്നുണ്ടാകേണ്ടത്‌. അതിന്‌ സ്വതന്ത്ര അന്വേഷണാധികാരമുള്ള പോലീസിനെക്കൊണ്ട്‌ ബാങ്കില്‍ നടന്ന ക്രിമിനല്‍ സ്വാഭവമുള്ള കുറ്റങ്ങളെക്കുറിച്ച്‌ അന്വേഷിപ്പിക്കണം. 2014 ഡിസംബര്‍ മാസംവരെ നിരവധി പരാതികളാണ്‌ വായ്‌പാ തട്ടിപ്പിനിരയായവര്‍ പോലീസില്‍ നല്‍കിയിട്ടുള്ളത്‌.


ജോയിന്റ്‌ രജിസ്‌ട്രാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന്‌ ഭരണസമിതിയിലെ പത്തുപേരും തങ്ങള്‍ക്ക്‌ തട്ടിപ്പില്‍ പങ്കില്ലെന്ന മറുപടി നല്‍കിയിട്ടുണ്ട്‌. പ്രസിഡന്റായിരുന്ന ആളടക്കം രാജി നല്‌കുകയും ചെയ്‌തിരിക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്ന ഭരണസമിതിയംഗങ്ങള്‍ക്ക്‌ രാജിവച്ച്‌ പുറത്തുപോകാനവകാശമുണ്ടോ എന്ന ചോദ്യം പ്രസക്‌തമാണ്‌.


ഭരണസമിതിയംഗങ്ങളെ കുറ്റവിമുക്‌തമാക്കി കേസുകള്‍ തേയ്‌ച്ചുമായ്‌ച്ചു കളഞ്ഞ്‌, വീണ്ടും അവര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സിരിക്കാനുള്ള സാഹചര്യമുളവാക്കുന്ന നടപടികളാണ്‌ സഹകരണ വകുപ്പധികൃതര്‍ നടത്തിയിരിക്കുന്നത്‌. ഇതിനുള്ള അണിയറനീക്കം കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ നടത്തിക്കഴിഞ്ഞു. സുരേഷ്‌ കാക്കനാട്ട്‌ തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചതായി സൂചനകളുണ്ട്‌. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ്‌ നടന്നതായി തെളിയിക്കപ്പെട്ട പുത്തൂര്‍ ബാങ്കിലെ ക്രമവിരുദ്ധ നടപടികളും ക്രിമിനല്‍കുറ്റവും തെളിയിക്കേണ്ടത്‌ സഹകരണ വകുപ്പ്‌ അധികൃതരുടെ ഉത്തരവാദിത്വമാണ്‌.










from kerala news edited

via IFTTT