Story Dated: Wednesday, March 18, 2015 03:58
ഹൈദരാബാദ്: ധൈര്യം പരിശോധിക്കാന്‍ യുവതി ഭാവി വരനെ ഗുണ്ടകളെ വിട്ട് മര്‍ദിച്ചു. പീഡനങ്ങള്‍ നിറഞ്ഞ നാട്ടില്‍ വിവാഹത്തിനു ശേഷം തന്നെ സംരക്ഷിക്കാനുള്ള ശേഷി ഭര്‍ത്താവിനുണ്ടോയെന്ന് പരിശോധിക്കാനാണ് യുവതി കൈവിട്ട കളിക്കൊരുങ്ങിയത്. മര്‍ദനമേറ്റ യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കി.
മാല്‍ക്കഗിരി സ്വദേശിയായ യുവതിയാണ് സംഭവത്തിലെ പ്രധാന കഥാപാത്രം. മരപ്പണിക്കാരനായ യുവാവുമായി ഇവരുടെ വിവാഹം കുടുംബാംഗങ്ങള്‍ ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാവിന്റെ ധൈര്യം പരിശോധിക്കാന്‍ യുവതി തിരുമാനിച്ചത്. ഇതിനായി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ യുവതി യുവാവിനെ ആളൊഴിഞ്ഞ സ്‌ഥലത്ത് വിളിച്ചുവരുത്തി.
തനിക്ക് ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ടെന്നു തെറ്റിധരിപ്പിച്ചാണ് യുവതി യുവാവിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് സ്‌ഥലത്തെത്തിയ യുവാവിനെ മറഞ്ഞിരുന്ന കൊട്ടേഷന്‍ സംഘം ആക്രമിച്ചു. വെറുതെയൊന്ന് പേടിപ്പിക്കാനായിരുന്നു കൊട്ടേഷന്‍ സംഘത്തിന് യുവതി നല്‍കിയിരുന്നു നിര്‍ദേശം. എന്നാല്‍ ആക്രമണം തുടങ്ങിയതോടെ സംഘത്തിന്റെ നിയന്ത്രണം നശിച്ചു. ഇതോടെ ഭാവിവരന് ലഭിച്ചത് ഇടിയുടെ പെരുമഴ.
മര്‍ദനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കൊട്ടേഷന്‍ സംഘം പിടിയിലായി. ഇതുവഴി പോലീസ് യുവതിയിലുമെത്തി. താനാണ് സംഘത്തെ നിയമിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. വരന്റെ ധൈര്യം പരിശോധിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും യുവതി മൊഴി നല്‍കി. ആദ്യം ആകാംഷയിലും പിന്നീട് ചിരിക്കും വഴിമാറിയ സംഭവങ്ങളുടെ അടുത്തയാഴ്‌ചയില്‍ ഇരുവരുടെയും വിവാഹവും നടന്നു.
from kerala news edited
via IFTTT