121

Powered By Blogger

Wednesday, 18 March 2015

ഭിന്നശേഷിയുള്ളവരുടെ കഴിവുതെളിയിച്ച്‌ കോളയാട്‌ ബഡ്‌സ് സ്‌കൂള്‍











Story Dated: Wednesday, March 18, 2015 03:08


കണ്ണൂര്‍: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കോളയാട്‌ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ ശിശുമിത്ര ബഡ്‌സ് സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാകുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിവിധ മേഖലകളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ്‌ സ്‌കൂള്‍ അധികൃതര്‍ നടത്തുന്നത്‌.


സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി പലതരത്തിലുള്ള ന്യൂനതകള്‍ ബാധിച്ച ഏഴു മുതല്‍ 30 വയസ്സ്‌ വരെയുള്ളവരാണ്‌ പഠിതാക്കള്‍. ആകെ 26 പേര്‍. ഓരോരുത്തര്‍ക്കും ആവശ്യമായ വിദ്യാഭ്യാസവും പരിചരണവും വ്യത്യസ്‌തമാണ്‌. എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതോടൊപ്പം ചിത്രം വരക്കാനും പാട്ടുപാടാനുമൊക്കെ താല്‍പര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടാന്‍ സ്‌കൂളിന്‌ കഴിഞ്ഞിരുന്നു. പഠിതാക്കള്‍ക്ക്‌ എല്ലാ മാസവും 1000 രൂപ സ്‌കോളര്‍ഷിപ്പുണ്ട്‌.


രാവിലെ 9.30 മുതല്‍ വൈകീട്ട്‌ 3.30 വരെയാണ്‌ സ്‌കൂളിന്റെ പ്രവര്‍ത്തന സമയം. ഇതിനിടയില്‍ ഇവിടെത്തന്നെ പാകം ചെയ്ുന്നയ പോഷകസമൃദ്ധമായ ഭക്ഷണവുമുണ്ട്‌. മുട്ട, പാല്‍, പഴം തുടങ്ങിയ സമീകൃതാഹാരങ്ങളും നല്‍കും. പഠിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി സ്‌കൂളില്‍ തന്നെ മുളക്‌, വെണ്ട, വഴുതിന തുടങ്ങിയ പച്ചക്കറികള്‍ വളര്‍ന്നുനില്‍ക്കുന്നുണ്ട്‌. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗം ആഴ്‌ചയിലൊരിക്കല്‍ പഠിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കും.

ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നുള്ള തുക വിനിയോഗിച്ച്‌ 2010 ഫെബ്രുവരിയിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. പഠിതാക്കളെ സ്‌കൂളിലെത്തിക്കാനുള്ള ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ വകയായി ലഭിച്ച സ്‌കൂള്‍ ബസുണ്ട്‌.


രണ്ട്‌ അധ്യാപികമാരും പാചകക്കാരിയും ഡ്രൈവറും ഉള്‍പ്പെടെ ആകെ നാല്‌ ജീവനക്കാരാണുള്ളത്‌. പ്രിന്‍സിപ്പല്‍ എന്‍ ടി രോഷ്‌നിയും സഹാധ്യാപികയായ കെ സുജാതയും സ്‌ഥാപനം തുടങ്ങിയതുമുതല്‍ സേവനമനസ്സോടെ ഇവിടെ പ്രവര്‍ത്തിക്കുകയാണ്‌. അധ്യാപനമെന്നത്‌ ഒരു തൊഴിലിനേക്കാളുപരി സാമൂഹ്യപ്രവര്‍ത്തനമായി മാറുന്നതിന്റെ ചാരിതാര്‍ത്ഥ്യമാണ്‌ തങ്ങളെ സ്‌ഥാപനത്തോടു ചേര്‍ത്തുനിര്‍ത്തുന്നതെന്ന്‌ അധ്യാപികമാര്‍ പറയുന്നു.










from kerala news edited

via IFTTT