121

Powered By Blogger

Tuesday, 2 December 2014

ആ 64,000 കോടി ആരുടേതാണ്?







മുംബൈ: രാജ്യത്തെ വിവിധ ധനകാര്യസ്ഥാപനങ്ങളിലില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന 63820.74 കോടി രൂപയുടെ യുടെ അവകാശികള്‍ നിങ്ങളിലാരെങ്കിലുമാണോ? എങ്കില്‍ തെളിവുസഹിതം ഹാജരായി കൈനിറയെ പണവുമായി മടങ്ങാം.

ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും പിഎഫ് അക്കൗണ്ടുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും മറ്റുമായാണ് അവകാശികളില്ലാതെ ഇത്രയും തുകയുടെ നിക്ഷേപമുള്ളത്. ഈ തുക ഏറ്റവും കുറഞ്ഞ (8.5%) നിരക്കില്‍ നിക്ഷേപിച്ചാല്‍തന്നെ പലിശയിനത്തില്‍ വര്‍ഷംതോറും ലഭിക്കുക 5,400കോടി രൂപയാണ്. ഇത്രയും തുകമതി കോര്‍പ്പറേഷന്‍ ബാങ്ക് പോലുള്ള സ്ഥാപനങ്ങളെ അപ്പാടെ വാങ്ങാന്‍.


പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ.) മാത്രം 26,497 കോടി രൂപയാണ് അവകാശികളില്ലാത്ത നിക്ഷേപമുള്ളത്. ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 37,300 കോടി രൂപയും. കൂടാതെ, പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ 22,000 കോടി രൂപയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.


പോസ്റ്റോഫീസുകളില്‍ ഇന്ദിര വികാസ് പത്രയുടെ കാലാവധി പൂര്‍ത്തിയായ ശേഷവും അവകാശികളെത്താതെ കിടക്കുന്നത് 896 കോടി രൂപയാണ്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ആകെ 5849 കോടി രൂപ ഇത്തരത്തിലുണ്ട്. എല്‍.ഐ.സി.യാണ് 1548 കോടിയുമായി ഇതില്‍ മുന്നില്‍. റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് 1502 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.


ബാങ്കുകളില്‍ 5125 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ട്. കോര്‍പറേറ്റ് കമ്പനികളില്‍ 3454 കോടിയും. കൊടുക്കാതെ കിടക്കുന്ന ലാഭവീതവും അവകാശപ്പെടാതെ കിടക്കുന്ന കടപ്പത്രങ്ങളും മറ്റു നിക്ഷേപങ്ങളും ഉള്‍പ്പെടുന്ന തുകയാണിത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ 26,496 കോടി രൂപ നിഷ്‌ക്രിയമായ അക്കൗണ്ടുകളിലുണ്ട്. മൂന്നു വര്‍ഷത്തിലധികം നിക്ഷേപം മുടങ്ങിക്കിടക്കുന്ന അക്കൗണ്ടുകളാണ് നിഷ്‌ക്രിയമായി കണക്കാക്കുന്നത്. 2011-ലെ നിയമപ്രകാരം ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കില്ല. ജോലി മാറിയ ആളുകള്‍ അക്കൗണ്ടിലെ തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റാതെ കിടക്കുന്നതാണ് ഇതിലധികവും. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ഏര്‍പ്പെടുത്തുന്നതോടെ ഇതിന്റെ അവകാശികളെ കണ്ടെത്താനാവുമെന്നാണ് ഇ.പി.എഫ്.ഒ.യുടെ പ്രതീക്ഷ.


കമ്പനികള്‍, ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ ഏഴു വര്‍ഷത്തിലധികമായി അവകാശികളെത്താതെ കിടക്കുന്ന തുക സെബിയുടെ ഇന്‍വെസ്റ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് മാറ്റും. നിക്ഷേപകര്‍ക്ക് ഈ പണത്തിനായി ഫണ്ട് ഹൗസുകളെയോ, കമ്പനികളെയോ അല്ലെങ്കില്‍ രജിസ്ട്രാറെയോ സമീപിക്കാം. പത്തു വര്‍ഷത്തിലധികമായി അനാഥമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളിലെ തുക ആര്‍.ബി.ഐ.യുടെ ബോധവത്കരണ ഫണ്ടിലേക്കാവും മാറ്റുക. അക്കൗണ്ട് ഉടമകള്‍ക്ക് കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ബാങ്കില്‍ നിന്ന് ആവശ്യമെങ്കില്‍ ഈ തുക വീണ്ടെടുക്കാനാകും.











from kerala news edited

via IFTTT