Story Dated: Tuesday, December 9, 2014 06:41
കോഴഞ്ചേരി: വീട്ടമ്മയെ കൊലപ്പെടുത്തി വഴിയരികില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം ലോക്കല്‍ പോലീസ് അട്ടിമറിച്ചു. സംഭവം നടന്ന് നാലുമാസം പിന്നിട്ടിട്ടും കൊലപാതകിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ലോക്കല്‍ പോലീസ് ഒഴിയുമ്പോള്‍, കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനയ്‌ക്ക് ബന്ധമുണ്ടെന്നുമുള്ള സൂചനയാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്. നെല്ലിക്കാലാ പിച്ചനാട്ട് കോളനി നിവാസിയായ സരോജിനിയെ ആറന്മുള-കുളനട റോഡില്‍ പൈവഴിയ്‌ക്ക് സമീപമാണ് കൊന്നു തള്ളിയത്.
ഇരു കൈകളും തോളിന് താഴെ വച്ചു മുറിച്ചു മാറ്റുകയായിരുന്നു. ചോര വാര്‍ന്നൊഴുകിയാണ് സരോജിനി മരിച്ചത്. കേസിന്റെ അന്വേഷണം പന്തളം സി.ഐ റെജി ഏബ്രഹാമിനായിരുന്നു. പ്രതിയെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ സി.ഐ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറമെന്ന് എസ്.പിയോട് ശിപാര്‍ശ ചെയ്‌തു. എസ്.പി അതിന് മുതിരാതെ അടൂര്‍ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു. ഇതുവരെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് മാത്രമല്ല, കേസില്‍ ഏറ്റവുമധികം സംശയിക്കപ്പെടുന്ന സരോജിനിയുടെ ഭര്‍ത്താവിനെ നേരേ ചൊവ്വേ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം മുതിര്‍ന്നില്ല.
തനിക്കൊന്നുമറിയില്ലെന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തി വിട്ടയയ്‌ക്കുകയാണ് ചെയ്‌തത്. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്യാനോ ആ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനോ പോലീസ് ശ്രമിച്ചില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സംശയിക്കപ്പെടുന്നവരില്‍ ഒന്നാം സ്‌ഥാനത്താണ് സരോജിനിയുടെ ഭര്‍ത്താവുള്ളത്. സരോജിനിയുമായി വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇയാള്‍. അവര്‍ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ഒന്നു രണ്ടു പ്രാവശ്യം ഇയാള്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് നാട്ടുകാരില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നുവത്രേ.
ഇയാള്‍ക്ക് പത്തനംതിട്ടയില്‍ ചിലരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനൊന്നും ലോക്കല്‍ പോലീസ് മുതിര്‍ന്നിട്ടില്ലെന്നാണ് അറിയുന്നത്. സരോജനിയുടെ ശരീരത്തിലുണ്ടാക്കിയ മുറിവുകളാണ് സംശയത്തിന്റെ മുനതീവ്രവാദ സ്വഭാവമുള്ള സംഘടനയിലേക്ക് നീളാന്‍ കാരണമായിട്ടുള്ളത്. മൃഗീയമായ രീതിയിലാണ് കൊല നടന്നിട്ടുള്ളത്. അന്വേഷണത്തില്‍ ഒരു ചുവട് പോലും മുന്നോട്ട് പോകാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഉന്നത പോലീസ് അധികാരികളും സംഭവം സൗകര്യപൂര്‍വം വിസ്‌മരിച്ചിരിക്കുകയാണ്.
സരോജിനിയുടെ ഘാതകരെ പിന്തുടര്‍ന്ന് ചെന്നാല്‍, പല ദുരൂഹതകളുടെയും ചുരുളഴിയുമെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. നെല്ലിക്കാലാ പിച്ചനാട്ട് കോളനിയിലും സമീപത്തുമുള്ള സാധാരണക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതല്ലാതെ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്‌ഥരുടെ പീഡനവും പ്രതികളെന്ന് സംശയിക്കുന്നവരുടെ അക്രമവും ഭയന്ന് സന്ധ്യ മയങ്ങിയാല്‍ കോളനി നിവാസികള്‍ ഇപ്പോള്‍ പുറത്തേക്ക് ഇറങ്ങാറില്ല.
സരോജനിയുടെ കൊലപാതകത്തിനു പിന്നില്‍ ഗൂഢാ ലോചന നടന്നതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. പോലീസിന് മേല്‍ ഉന്നത സ്വാധീനം ചെലുത്തി കേസ് തേച്ച് മായ്‌ച്ച് കളയാനാണ് ഇപ്പോഴത്തെ നീക്കമെന്നും ആരോപണമുണ്ട്. സരോജനിയെ കൊന്നിട്ട് തീവ്രവാദ സംഘടനയ്‌ക്ക് ഒന്നും നേടാനില്ല. എന്നാല്‍ കൊലപാതകി ധൈര്യമായി കൃത്യം നിര്‍വഹിക്കാന്‍ തയാറായത് ഇക്കൂട്ടരുടെ സംരക്ഷണം ലഭിക്കുമെന്നു കരുതിയാണ്.
from kerala news edited
via IFTTT