ജനക്ഷേമം : അറബ് രാജ്യങ്ങളില്‍ യു.എ.ഇ.ക്ക് ഒന്നാംസ്ഥാനം
Posted on: 09 Dec 2014
ദുബായ്: അറബ് മേഖലയില്‍ ഏറ്റവും മികച്ച രീതിയില്‍ ക്ഷേമവും സംതൃപ്തിയും അനുഭവിക്കുന്ന ജനങ്ങള്‍ യു.എ.ഇ.യിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ ലെഗാറ്റം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ 'പ്രോസ്പരിറ്റി ഇന്‍ഡക്‌സ്' സര്‍വ്വേയിലാണ് യു.എ.ഇ.യുടെ നേട്ടം വ്യക്തമാക്കുന്നത്.
ആഗോളതലത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.. സര്‍വ്വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും യു.എ.ഇ.യെ പൂര്‍ണമായും സുരക്ഷിതമായ ഇടം എന്നാണ് രേഖപ്പെടുത്തിയത്.
ജനങ്ങള്‍ക്ക് രാജ്യം നല്‍കുന്ന അഭിവൃദ്ധി വിലയിരുത്തുന്ന സുപ്രധാന റിപ്പോര്‍ട്ടുകളിലൊന്നാണ് ലെഗാറ്റം പുറത്തുവിട്ടതെന്ന് എമിറേറ്റ്‌സ് കോംപിറ്റിറ്റീവ്‌നെസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല ലൂത്ത അഭിപ്രായപ്പെട്ടു. എട്ട് സുപ്രധാന മേഖലകളിലെ പ്രകടനം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തിയാണ് ലെഗാറ്റം ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തികം, സംരംഭക അവസരം, ഭരണം, വിദ്യാഭ്യാസം, വ്യക്തിഗത സ്വാതന്ത്ര്യം, ആരോഗ്യം, സുരക്ഷ, സാമൂഹിക സാഹചര്യം എന്നിവയാണ് മാനദണ്ഡങ്ങളാക്കിയത്.
സാമ്പത്തിക മികവില്‍ 2013-ല്‍ 13-ാം സ്ഥാനത്തുണ്ടായിരുന്ന യു.എ.ഇ. ഒരു വര്‍ഷം കൊണ്ട് നില മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. മൊത്ത ആഭ്യന്തര സമ്പാദ്യ നിരക്കിലുണ്ടായ വളര്‍ച്ചയാണ് ഇതിന് കാരണമായത്. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിലും വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴില്‍രഹിതരുടെ നിരക്ക് 3.8 ശതമാനമാണ്. ഇക്കാര്യത്തില്‍ 22-ാം സ്ഥാനമാണ് യു.എ.ഇയക്കുള്ളത്. ആഗോളതലത്തില്‍ അഭിവൃദ്ധിനേടിയ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ.ക്ക് 28-ാം സ്ഥാനമാണുള്ളത്.
മൊത്തം 142 രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ സര്‍വ്വേയില്‍ ഏറ്റവും അഭിവൃദ്ധി പ്രാപിച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് നോര്‍വേ ആണ്. ഇത് തുടര്‍ച്ചയായ ആറാംതവണയാണ് നോര്‍വേ നേട്ടം കൈവരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് ആണ് തീരെ പുരോഗതി എത്തിനോക്കിയിട്ടില്ലാത്ത രാജ്യം. ചാഡ്, കോംഗോ എന്നിവയാണ് തൊട്ടുപിറകില്‍.
from kerala news edited
via IFTTT