Story Dated: Tuesday, December 9, 2014 07:00
കാഞ്ഞിരപ്പള്ളി: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി എരുമേലി താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തി. തുടര്‍ച്ചായ അഞ്ചാം വര്‍ഷവും എരുമേലിയിലെ പുരാതന മുസ്ലിം കുടുംബമായ താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴയില്‍ അന്നദാനത്തിന് എത്തിയത് കാലത്തിനും മായ്‌ക്കാനാകാത്ത സൗഹൃദത്തിന്റെ സ്‌മരണ പുതുക്കല്‍ കൂടിയായി.
അമ്പലപ്പുഴ പേട്ടതുള്ളല്‍ ഭക്‌തസംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരും എരുമേലിയില്‍ നിന്നും വാവര് സ്വാമിയുടെ പ്രതിനിധിയായി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയിരുന്ന താഴത്തുവീട്ടില്‍ ഹസന്റാവുത്തറും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ച അന്നദാനം ഹസന്റാവുത്തറുടെ മരണശേഷവും കുടുംബാംഗങ്ങള്‍ തുടരുകയായിരുന്നു. അയ്യപ്പഭക്‌തരും അമ്പലപ്പുഴ ഭക്‌തസംഘം പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ അന്നദാനത്തില്‍ പങ്കെടുത്തു.
സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, താഴത്തുവീട്ടില്‍ കുടുംബാംഗങ്ങളായ ടി.എച്ച്.ആസാദ്, റഹ്‌മത്തുള്ള, റസാ ഹബീബ്, ഇസ്‌മായില്‍ ഹസന്‍ എന്നിവര്‍ അന്നദാനത്തിന് നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും അന്നദാനത്തിന് അമ്പലപ്പുഴയില്‍ എത്തുമെന്ന് ടി.എച്ച്.ആസാദ് പറഞ്ഞു. അമ്പലപ്പുഴ പേട്ടതുള്ളല്‍ നടക്കുന്ന ജനുവരി 11ന് താഴത്തുവീട്ടില്‍ പ്രത്യേക സ്വീകരണവും ഭക്‌തജനങ്ങള്‍ക്ക് ഒരുക്കാറുണ്ട്.
from kerala news edited
via IFTTT