ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി ചുരുക്കി
Posted on: 09 Dec 2014
ഇളവ് ആറുമാസത്തേക്ക്
ദുബായ്: ലേബര്‍കാര്‍ഡുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍തോതില്‍ ഇളവ് അനുവദിച്ച് മന്ത്രാലയം ഉത്തരവിട്ടു. വ്യക്തിഗത പിഴകള്‍ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തി. ആറ്് മാസത്തേക്കാണ് ഇളവ്.
2014 ജനവരി നാല് മുതല്‍ ജൂണ്‍ 30 വരെ നീളുന്ന ഇളവ് കാലാവധിക്കിടയില്‍ പിഴക്കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിന് സൗകര്യമൊരുക്കിയതായി അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് അല്‍ സുവൈദി വ്യക്തമാക്കി. വ്യക്തിഗത കുടിശ്ശിക എത്രതന്നെ ആയാലും അത് ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തും. 53,000 ദിര്‍ഹമിന്റെ വ്യക്തിഗത പിഴ വരെ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി കാര്‍ഡിന്മേല്‍ ലക്ഷക്കണക്കിന് ദിര്‍ഹം പിഴ അടയ്ക്കാനുള്ള കമ്പനികള്‍ രാജ്യത്തുണ്ട്.
ഇലക്ട്രോണിക് ലേബര്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഇളവ് ബാധകം. വിവിധതരത്തിലുള്ള നിയമലംഘനങ്ങളില്‍ പിഴ ചുമത്തപ്പെട്ട ഒരു ലക്ഷം ഇലക്ട്രോണിക് കാര്‍ഡ് ഉടമകളുണ്ട്. 40,000 കമ്പനികളിലായി ജോലി ചെയ്യുന്നവരാണ് ഇവര്‍. മന്ത്രാലയത്തിന് കീഴിന് രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊത്തം കമ്പനികളുടെ 13 ശതമാനം വരുമിത്.
പിഴ ചുമത്തപ്പെട്ട ലക്ഷം പേരില്‍ 95,000 പേരും യഥാസമയം ലേബര്‍ കാര്‍ഡ് പുതുക്കാത്തവരാണ്. തൊഴില്‍കാര്‍ഡിന് അപേക്ഷ നല്‍കാത്തവരും വര്‍ക്ക് പെര്‍മിറ്റുകള്‍ കൃത്യസമയത്ത് റദ്ദാക്കാത്തവരും കാര്‍ഡ് നഷ്ടപ്പെട്ട വിവരം മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുമൊക്കെയാണ് അവശേഷിക്കുന്നവര്‍. ജൂണ്‍ 30ന് മുമ്പായി പിഴ അടച്ചുതീര്‍ക്കാത്തവര്‍ക്ക് പ്രതിമാസം 5,00 ദിര്‍ഹം വീതം അധിക പിഴ ചുമത്തും. ജീവനക്കാരന്‍ ജോലിയില്‍പ്രവേശിച്ച് 60 ദിവസത്തിനകം തൊഴില്‍ കരാര്‍ ഒപ്പിട്ടുവാങ്ങാത്ത കമ്പനികള്‍ക്ക് പ്രതിമാസം 500 ദിര്‍ഹം വീതം പിഴ ചുമത്തും. ഈ നിബന്ധന ജനവരി നാലിന് പ്രാബല്യത്തില്‍വരും. മാസങ്ങളായിട്ടും കരാര്‍ ഒപ്പിടാതിരിക്കുകയും അതിന്റെ പേരില്‍ ചുമത്തപ്പെട്ട പിഴ അടയ്ക്കാതിരിക്കുകയും ചെയ്താല്‍ പുതിയ നിയമനം നടത്താന്‍ കമ്പനിക്ക് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ഥാപനയുടമകളോട് ഗവണ്‍മെന്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്ക് തെളിവാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പിഴയിളവെന്ന് അല്‍ സുവൈദി ചൂണ്ടിക്കാട്ടി. ഈയവസരം മുതലെടുത്ത് കമ്പനിയുടമകള്‍ പിഴ അടച്ചുതീര്‍ക്കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി സ്ഥാപനത്തിന് മേല്‍ വല്ല നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് ഒഴിവാകാനും ഇതുവഴി സാധിക്കും.
from kerala news edited
via IFTTT