Story Dated: Wednesday, December 24, 2014 10:18
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത് രത്നക്കായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെയും സ്വാതന്ത്ര്യ സമര നേതാവായ മദന്‍ മോഹന്‍ മാളവ്യയുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അവാര്‍ഡ് സംബന്ധിച്ച ശുപാര്‍ശ ഇന്ന് ഉച്ചയോടെ രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഭാരത രത്ന പുരസ്‌കാരം വാജ്‌പെയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25ന് പ്രഖ്യാപിക്കാനാണ് നീക്കം. ക്രിസ്‌മസും വാജ്‌പേയിയുടെ പിറന്നാളും ഒരേ ദിവസമായതിനാല്‍ ഈ ദിവസം കേന്ദ്ര സര്‍ക്കാര്‍ സദ്‌ഭരണ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തില്‍ മദന്‍ മോഹന്‍ മാളവ്യക്ക് ഭാരത രത്ന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളായ അരുണ്‍ ജെറ്റ്‌ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്‌കരി, രാജ്‌നാഥ് സിംങ്, അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയിലാണ്‌പുരസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാജ്‌പെയിക്ക് ഭാരത രത്ന നല്‍കുവാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാന്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ല. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സി എന്‍ ആര്‍ റാവു തുടങ്ങിയവര്‍ക്ക് പുരസ്‌കാരം നല്‍കുകയും ചെയ്‌തു.
1954 മുതലാണ് ഭാരത് രത്ന പുരസ്‌കാരം നല്‍കി തുടങ്ങുന്നത്. കല, സാഹിത്യം, ശാസ്‌ത്രം, പൊതുസേവനം തുടങ്ങിയ രംഗങ്ങളില്‍ സുസ്‌ഥിരമായ സേവനം കാഴ്‌ചവെക്കുന്നവര്‍ക്കാണ് പരമോന്നത ബഹുമതി നല്‍കുന്നത്. ഇതുവരെ 43 വിശിഷ്‌ട വ്യക്‌തികള്‍ക്കാണ് ഭാരത് രത്ന അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
from kerala news edited
via IFTTT