Story Dated: Wednesday, December 24, 2014 11:21
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് പ്രയോഗിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇ.എസ്.ഐ ആശുപത്രിയിലെ ഡോ.അമൃത കൗര്‍ എന്ന മുപ്പതുകാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടറുടെ വലതു കണ്ണിന്റെ കോര്‍ണിയ തകര്‍ന്നതായും മുഖത്തിന്റെ വലതുവശം പൊള്ളിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
രജൗറി ഗാര്‍ഡനിലെ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ വരികയായിരുന്ന അമൃതയുടെ നേര്‍ക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ ആസിഡ് ഒഴിക്കുന്ന ദൃശ്യം മാര്‍ക്കറ്റില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരും മുഖം മറച്ചിട്ടുണ്ട്. ആസിഡ് ഒഴിച്ച ശേഷം അക്രമികള്‍ അമൃതയുടെ ഹാന്‍ഡ്ബാഗും തട്ടിപ്പറിച്ചാണ് കടന്നുകളഞ്ഞത്. അക്രമികള്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ആസിഡ് വീണ് പൊള്ളലേറ്റ അമൃത സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണു. സഹായത്തിനായി 20 മിനിറ്റോളം അവര്‍ റോഡില്‍ കിടന്ന് നിലവിളിച്ചു. വഴിയാത്രക്കാരോ വാഹനത്തില്‍ സഞ്ചരിച്ചവരോ ആരും അവരെ സഹായിക്കാനെത്തിയില്ല. സമീപവാസിയായ ഒരു ബില്‍ഡറാണ് അവരെ സമീപത്തുള്ള നഴ്‌സിംഗ് ഹോമില്‍ എത്തിച്ചത്. ഇവിടെനിന്നും ഇ.എസ്.ഐ ആശുപത്രിയിലേക്കും പിന്നീട് എയിംസിലേക്കും മാറ്റുകയായിരുന്നു.
from kerala news edited
via IFTTT