Story Dated: Tuesday, December 16, 2014 07:26
വര്‍ക്കല: വര്‍ക്കല ഗവ. ആശുപത്രിക്ക് താലൂക്ക് പദവിയും താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പദവിയും കൈവന്നിട്ടും നിലവില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്‌ഥാന സൗകര്യം പോലുമില്ല. 2009 ലാണ് വര്‍ക്കല ആശുപത്രിയെ താലൂക്ക് പദവിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ആശുപത്രിയുടെ നിലവാരം പദവിയില്‍ മാത്രം ഒതുങ്ങുകയാണ്. ശരാശരി 1700-ലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ 22 ഡോക്‌ടര്‍മാരുടെ സേവനമാണ് വേണ്ടത്. ഇപ്പോള്‍ 15 ഡോക്‌ടര്‍മാരെയുള്ളൂ. രണ്ട് ഫിസിഷ്യന്‍മാര്‍ വേണ്ടിടത്ത് ഒരാളും.
24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവൃത്തിക്കണമെങ്കില്‍ അഞ്ചു മെഡിക്കല്‍ ഓഫീസര്‍മാര്‍ വേണമെന്നിരിക്കെ ഇവിടെ രണ്ടുപേര്‍ മാത്രമാണുള്ളത്. സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളുള്ള ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തിലുള്ളത് ഒരു ഡോക്‌ടറാണ്. ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിക്കേണ്ട രോഗികള്‍ക്ക് യഥാസമയം അനസ്‌തേഷ്യ നല്‍കാന്‍ കഴിയുന്നില്ല. ഡോക്‌ടര്‍മാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തത് കാരണം രാത്രികാലങ്ങളില്‍ അടിയന്തര ഘട്ടത്തില്‍ പോലും ഡോക്‌ടര്‍മാര്‍ക്ക് എത്താനാകാത്ത ദു:സ്‌ഥിതിയാണുള്ളത്.
പാരാമെഡിക്കല്‍ ജീവനക്കാരെ ഇതിനായി കിട്ടാത്തത് പലപ്പോഴും പരാതികള്‍ക്ക് ഇടനല്‍കുന്നു. 30 നഴ്‌സിംഗ് ജീവനക്കാര്‍ വേണ്ടിടത്ത് നാലു ഹെഡ്‌നഴ്‌സുമാര്‍ ഉള്‍പ്പെടെ 19 പേരാണുള്ളത്. ലാബ് ടെക്‌നീഷ്യന്‍മാരുടെ കുറവും പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. ഐ.സി. യൂണിറ്റ,് ഡയാലിസിസ് യൂണിറ്റ്, സ്‌കാനിംഗ് സൗകര്യം എന്നിവകളില്ല. പാമ്പുകടിയേറ്റ് നിരവധി പേര്‍ എത്താറുണ്ടെങ്കിലും ഇവിടെ ആന്റിവെനും ലഭ്യമല്ല. ആശുപത്രിയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്ല. മോര്‍ച്ചറിയുടെ ജനറേറ്റര്‍ അടിക്കടി തകരാറിലാകുന്നതും പതിവാണ്.
ഐ.സി യൂണിറ്റ് സജീകരിക്കാന്‍ കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കിലും വേണ്ടിവരും ഡയാലിസിസ് യൂണിറ്റിന് 25 ലക്ഷവും. 250 കിടക്കകള്‍ വേണ്ടിടത്ത് 105 കിടക്കകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചുനിലകെട്ടിടത്തിന് 10 കോടിയുടെ എസ്‌റ്റിമേറ്റ് തയാറാക്കി നല്‍കി. എം.എല്‍.എ. ഫണ്ടില്‍ നിന്നും മൂന്നുകോടി അനുവദിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായില്ല.
from kerala news edited
via IFTTT