Story Dated: Tuesday, December 16, 2014 06:25
ചെങ്ങന്നൂര്‍: അപകടത്തില്‍പെട്ട ആളിനെ ആശുപത്രിയിലെത്തിച്ച വ്യക്‌തിയെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. നൂറനാട് കുടശനാട് പ്രെയ്‌സ് കോട്ടേജില്‍ മോനി വര്‍ഗീസാണ് പരാതിക്കാരന്‍. 2013 ജനുവരി 31 ന് മോനിയും പിതൃസഹോദരി ഏലിയാമ്മയും കോട്ടയത്തുനിന്നും കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 7 മണിയോടെ മുളക്കുഴ ഷാപ്പുപടിയില്‍ വാഹനാപകടത്തില്‍പെട്ട് ഒരാള്‍ രക്‌തം വാര്‍ന്ന് കിടക്കുന്നതായി കണ്ടു. ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്നതല്ലാതെ ആരും ഒന്നും ചെയ്യുന്നില്ലെന്നു കണ്ടപ്പോള്‍ പോലീസിന്റെ നമ്പരുകളില്‍ മോനി വിളിച്ചു. ആരും വരാത്ത സാഹചര്യമുണ്ടായപ്പോള്‍ മോനി തന്റെ കാറില്‍ അപകടത്തില്‍പെട്ട ആളെ മുളക്കുഴയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തി ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ അപകടത്തില്‍പെട്ട ആള്‍ മരണമടയുകയും ചെയ്‌തു. തുടര്‍ന്ന് എത്തിയ ട്രാഫിക് പോലീസ് മോനിയേയും പിതൃസഹോദരിയേയും പോലീസ് ജീപ്പില്‍ കയറ്റി ചെങ്ങന്നൂര്‍ പോലീസ് സേ്‌റ്റഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മോനിയുടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് സ്‌ഥാപിച്ചു. മോനിയുടെ മൊബൈലും വാച്ചും മോതിരവും ഊരിവാങ്ങി ലോക്കപ്പിലാക്കി. രാത്രി മുഴുവന്‍ ലോക്കപ്പില്‍ കഴിയേണ്ടിവന്നു. പിറ്റേന്ന് രാവിലെയെത്തിയ എ.എസ്.ഐ. മോനിയോട് കൈക്കൂലി ആവശ്യപ്പെട്ടു.
താന്‍ കുറ്റവാളിയല്ലെന്നും തന്റെ സഹോദരന്‍ വാഹനാപകടത്തില്‍പെട്ട് രക്‌തം വാര്‍ന്ന് മരിച്ചതായതുകൊണ്ട് ഏതപകട സ്‌ഥലത്തും താന്‍ വണ്ടിനിര്‍ത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമെന്നും കരഞ്ഞുപറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല ഈയാളെ പരിഹസിക്കുകയാണുണ്ടായത്. പിറ്റേന്ന് ബന്ധു 2000 രൂപ കൊടുത്തശേഷമാണ് ജാമ്യപേപ്പറുകള്‍ പോലീസ് നീക്കിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി., എസ്,. പി. എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസിന്റെ ഏജന്‍സികളെല്ലാം ചെങ്ങന്നൂര്‍ ട്രാഫിക് പോലീസ് ആദ്യം തയാറാക്കിയ മഹസറിനെ സാധൂകരിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
കുറ്റം ചെയ്യാത്ത തന്നെ കുറ്റവാളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും കൈക്കൂലി വാങ്ങിക്കുകയും ചെയ്‌ത പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മോനിയുടെ ആവശ്യം. സ്‌റ്റേഷന്‍ ലോക്കപ്പിലിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് 50 ലക്ഷം രൂപ പോലീസ് വകുപ്പില്‍നിന്ന് ഈടാക്കി തരണമെന്നും മോനി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT