ക്രിസ്മസ് കരോള്‍ മത്സരം
Posted on: 16 Dec 2014
മൈസൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച് നടന്ന ക്രിസ്മസ് കരോള്‍ മത്സരം മൈസൂരു നഗരത്തിന് ഇമ്പമായി. ജാതി, മത ഭേദമെന്യേ കൊട്ടാരനഗരം ഗാനങ്ങള്‍ ഏറ്റുപാടി. എന്‍.ആര്‍. മൊഹല്ല കാര്‍മല്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജില്‍ നടന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരമാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. തുടര്‍ച്ചയായ 22-ാം വര്‍ഷമാണ് കാര്‍മല്‍ കാത്തലിക് അസോസിയേഷന്‍ കരോള്‍ ഗാനമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്കായി പ്രത്യേകം പ്രത്യേകമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇംഗ്ലീഷിനു പുറമേ കന്നട, തമിഴ്, മലയാളം ഗാനങ്ങളും വേദിയിലെത്തി. പാട്ടിനൊപ്പം കുഞ്ഞുസാന്താക്ലോസുമാരും ആട്ടിടയന്‍മാരും സ്റ്റേജില്‍ ചുവടുവെച്ചത് കാണികള്‍ക്ക് ആവേശമായി. നഗരത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും മത്സരാര്‍ഥികളുണ്ടായിരുന്നു. വിവിധ ടീമുകളിലായി 1500 ഗായകരാണ് മത്സരങ്ങള്‍ക്കെത്തിയത്.
കര്‍ണാടക സി.എസ്.എസ്.ടി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആല്‍ബിന പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ഷിനോജ് തെക്കന്‍, സംഗീത സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ. വൈ.എസ്. സിദ്ധഗൗഡ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപനച്ചടങ്ങില്‍ മൈസൂരു രൂപതാ ബിഷപ്പ് തോമസ് വാഴപ്പിള്ളി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
from kerala news edited
via IFTTT